ബാഹുബലിയുടെ രണ്ടാം ഭാഗം വന്‍വരവേല്‍പ്പോടെയാണ് ഇന്ത്യന്‍ സിനിമാലോകം സ്വീകരിച്ചത്. ബാഹുബലിക്കുശേഷം ഇന്ത്യന്‍ സിനിമാ ലോകം ആഘോഷിച്ച ചിത്രമായിരുന്നു ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’. ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥയുടെ ചലച്ചിത്രരൂപം എന്നതാണ് ഈ സിനിമയുടെ തിളക്കം കൂട്ടിയത്. ബാഹുബലിയോളം ബോക്സ് ഓഫീസില്‍ കരുത്തുകാട്ടിയില്ലെങ്കിലും നാല് ദിവസത്തിനുള്ളില്‍ 30 കോടിക്ക് മുകളില്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യു ഡ്രാമയായി ഈ ചിത്രം. ജയിംസ് എര്‍സ്‌കിന്‍ എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഒരുക്കിയ ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ എന്ന സിനിമയ്ക്ക് വേണ്ടി സച്ചിന് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ സച്ചിന് കിട്ടിയ പ്രതിഫല തുക പുറത്തുവിട്ടു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായ ബാഹുബലിയിലെ നായകതാരം പ്രഭാസിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ ഡോക്യു ഡ്രാമയ്ക്കായി സച്ചിന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. 40 കോടിയാണ് സച്ചിന് ഈ ചിത്രത്തിലൂടെ ലഭിച്ചതെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 35 മുതല്‍ 38 കോടി വരെയെന്ന് ചില ചലച്ചിത്ര വെബ്സൈറ്റുകളും പറയുന്നു. പ്രഭാസിന് 25 കോടിയാണ് ബാഹുബലിയില്‍ ലഭിച്ച പ്രതിഫലം. മഹേന്ദ്രസിങ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മില്‍ഖാ സിങ്ങിന്റെയുമൊക്കെ ജീവിതം ബോളിവുഡിന്റെ സ്‌ക്രീനിലെത്തിയതിന് പിന്നാലെയാണ് ‘ക്രിക്കറ്റ് ദൈവ’വും തീയേറ്ററുകളിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലും രാജ്യത്തിന് പുറത്ത് 400 സ്‌ക്രീനുകളിലും വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 8.40 കോടിയാണ്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ച് ഭാഷാ പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സച്ചിന്റെ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.