ന്യൂഡൽഹി: സ്കൂൾ പഠനകാലത്ത് കുരുത്തംകെട്ടവനും മാതാപിതാക്കൾക്കു പ്രശ്നക്കാരനും ആയിരുന്നു താനെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുക്കർ. എന്നാൽ, പ്രഫസറായിരുന്ന തന്റെ പിതാവ് അദ്ദേഹത്തെ പോലെ ഒരു അധ്യാപകനായി മാറാൻ നിർബന്ധിക്കാതെ തന്റെ താത്പര്യവും കഴിവും ക്രിക്കറ്റ് ആണെന്ന് തിരിച്ചറിഞ്ഞ് സഹായിച്ചതിനു മാതാപിതാക്കളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മാതാപിതാക്കളും മക്കളെ അവരുടെ അഭിരുചി കൂടി തിരിച്ചറിഞ്ഞ് സ്വതന്ത്രമായി വളരാൻ പിന്തുണയും സഹായവും കൊടുക്കണമെന്നും കുട്ടികളോട് സമൂഹത്തിൽ ഒരുവിധ വിവേചനവും പീഡനങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സച്ചിൻ ഓർമിപ്പിച്ചു. ആണ്, പെണ് വ്യത്യാസം ഇല്ലാതെ മക്കളെ ഒരേപോലെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതു രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ആണെന്നു സച്ചിൻ പറഞ്ഞു. ലോക ശിശുദിനത്തിൽ യൂണിസെഫ് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ലിംഗ സമത്വത്തിനും കുട്ടികളുടെ അവകാശങ്ങൾക്കും വേണ്ടി ക്രിക്കറ്റ് താരം ബാറ്റുവീശിയത്.
പുതിയ തലമുറ വലിയ പ്രതീക്ഷയാണ്. അവർ സമർഥരാണ്. കഴിഞ്ഞ തലമുറയെക്കാൾ വലിയ ആത്മവിശ്വാസം അവർ പ്രകടിപ്പിക്കുന്നുണ്ട്. സാങ്കേതിക വിദ്യയാണ് കുട്ടികളെ സമർഥരാകാൻ സഹായിക്കുന്നത്. കുട്ടികളുമായി മാതാപിതാക്കൾ നല്ല ബന്ധം സ്ഥാപിക്കണം. അതിന് ആദ്യത്തെ ആയിരം ദിവസം പ്രധാനപ്പെട്ടതാണ്. ആണ്, പെണ് വേർതിരിവുകളില്ലാതെ കുട്ടികളെ ഒരോ പോലെ പരിചരിക്കേണ്ടതു രക്ഷകർത്താക്കളുടെ കടമയാണ്. കുട്ടികൾക്കെതിരേയുള്ള അക്രമങ്ങൾ പൂർണമായി തടയാൻ നടപടി വേണമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.ലോക ശിശുദിനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ പാവപ്പെട്ട കുട്ടികളോടൊപ്പം ക്രിക്കറ്റ് മൽസരം കളിക്കാനും സച്ചിൻ തയാറായി. ത്യാഗരാജ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രദർശന ക്രിക്കറ്റ് മത്സരത്തിൽ സച്ചിന്റെ ടീമായിരുന്ന ഡൽഹി സിക്സേഴ്സ് വിജയിച്ചു.
മത്സരത്തിനിടെ എതിർ ടീമിലെ കുട്ടികൾക്കു പോലും സച്ചിൻ ക്രിക്കറ്റ് പാഠങ്ങൾ പകർന്നു നൽകിയത് കൗതുകവും മാതൃകാപരവുമായി. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം സെൽഫിയെടുക്കാനും ഗാലറിക്കരികിലെത്തി ഫോട്ടോകൾക്കു പോസ് ചെയ്യാനും സച്ചിൻ തയാറായി. യൂണിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ജസ്റ്റിൻ ഫോർസിത്തും ക്രിക്കറ്റ് മൽസരത്തിൽ പങ്കാളിയായി.