തന്റെ മക്കളുടെ പേരിൽ ട്വിറ്ററിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്. അർജുനും സാറയ്ക്കും ട്വിറ്ററിൽ അക്കൗണ്ട് ഇല്ലെന്നുള്ള കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അർജുന്റേതെന്ന പേരിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്. ഈ അക്കൗണ്ടിൽനിന്നും വിദ്വേഷമുളവാക്കുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരേ എത്രയും പെട്ടെന്ന് ട്വിറ്റർ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു-സച്ചിൻ ട്വീറ്റ് ചെയ്തു.
സച്ചിന്റെ ട്വീറ്റിനു പിന്നാലെ അർജുൻ തെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് നീക്കം ചെയ്തു. മലയാളി താരം സഞ്ജു വി. സാംസണെ വെസ്റ്റ് ഇൻഡീസ് പരന്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരേ ഈ അക്കൗണ്ടിൽ നിന്നുള്ള കുറിപ്പ് വൈറലായിരുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനു പിന്തുണയറിയിച്ച് ഇതേ അക്കൗണ്ടിൽനിന്ന് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് സച്ചിൻ രംഗത്തുവന്നത്.