കോട്ടയം: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടം പ്രഖ്യാപിക്കുമ്പോള്‍ ഏവരും ഒന്നു ഞെട്ടി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, സൗരാഷ്്ട്ര, ഹരിയാന, രാജസ്ഥാന് അങ്ങനെ കേരളത്തിനു നേരിടേണ്ടവരെല്ലാം ഒന്നിനൊന്നു കേമന്മാര്, ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായര്‍. ഒരു മത്സരത്തിലെങ്കിലും വിജയിച്ചാല്‍ ഭാഗ്യം എന്നായിരുന്നു പൊതുവേയുണ്ടായിരുന്നു വിലയിരുത്തല്‍ എന്നാല്‍, കളി തുടങ്ങി, കളി മാറി. കേരളം ജയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഇതാ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലും. ചരിത്രനേട്ടത്തിന്റെ പ്രഭയില്‍ അഭിമാനത്തോടെ കേരളത്തിന്റെ നായകന് സച്ചിന്‍ബേബി ദീപികയോടു സംസാരിക്കുകയാണ്.
നായകര്‍ക്കുള്ള ദക്ഷിണ
2009ല്‍ ആദ്യമായി കേരള ടീമിലെത്തുമ്പോള്‍ നായകനായിരുന്നത് ഇന്ത്യന്‍ താരമായിരുന്ന എസ്. ശ്രീശാന്തായിരുന്നു. അതിനു ശേഷം റൈഫി വിന്‍സന്റ് ഗോമസ്, സഞ്ജു സാംസണ് അങ്ങനെ പലരും. ഒപ്പം അനന്തപദ്മനാഭന്, സുനില്‍ ഒയാസിസ് തുടങ്ങിയ ഗുരുസ്ഥാനീയരായ ആള്ക്കാര്, എല്ലാവര്‍ക്കുമുള്ള ഗുരുദക്ഷിണയാണ് ഈ നേട്ടം.
ഒരുപാട് ക്യാപ്റ്റന്മാര് ഇങ്ങനെയൊരു സ്വപ്നത്തിനായി പ്രയത്നിച്ചു. അത് എന്നിലൂടെ പൂര്‍ത്തിയായെന്നു മാത്രം.
വലിയ സന്തോഷം, അഭിമാനം
കേരളത്തിന് ഇത്തരത്തില്‍ വലിയ ഒരു നേട്ടമുണ്ടായതില്‍ അതിയായി സന്തോഷിക്കുന്നു. അതിലേറെ അഭിമാനിക്കുന്നു. ടീമംഗങ്ങളുടെ നിതാന്ത പരിശ്രമമാണ് ഇത്തരത്തിലൊരു നേട്ടത്തിലെത്തിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ടീമുകളെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വലിയ ഒരു യാത്രയായിരുന്നു എല്ലാവരും അവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചു, വിജയം നമ്മുടേതായി. വിജയത്തിനു വേണ്ടി പോരാടിയ എല്ലാ ടീമംഗങ്ങള്‍ക്കും നന്ദി. ഒപ്പം പ്രോത്സാഹനം നല്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനും.
ടീം സ്പിരിറ്റ്, കഠിനാധ്വാനം
ഈ ടീമിന്റെ ഒത്തൊരുമയും വിജയതൃഷ്ണയുമാണ് ക്വാര്‍ട്ടറിലേക്കുള്ള യാത്രയില്‍ നിര്‍ണായകമായത്. ഓരോ മത്സരത്തിലും നിര്‍ണായകമായ പരീക്ഷണങ്ങള്‍ നടത്തി. ആ പരീക്ഷണങ്ങളത്രയും വിജയം കണ്ടു. സാഹചര്യങ്ങളനുസരിച്ച് ടീമില്മാറ്റം വരുത്തിയപ്പോള്‍ ആരും അതില്‍ നീരസം പ്രകടിപ്പിച്ചില്ല. ടീമിന്റെ മൊത്തം നന്മയ്ക്കു വേണ്ടിയാണ് മാറ്റങ്ങളെന്ന് ഓരോ കളിക്കാരനും തിരിച്ചറിഞ്ഞു. സൗരാഷ്്ട്രയ്ക്കെതിരേ മിന്നും പ്രകടനം പുറത്തെടുത്ത സിജോമോനെ ഹരിയാനയ്ക്കെതിരേ കളിപ്പിച്ചിരുന്നില്ല. ഓരോ കളിയിലും താരങ്ങള്‍ അവരുടെ മികവിനൊത്ത പ്രകടനം പുറത്തെടുത്തു.
നിര്‍ണായകമായത് ജലജ്- രോഹന് കൂട്ടുകെട്ട്
ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ഏറെ നിര്‍ണായകമായത് ജലജ് സക്സേന- രോഹന് പ്രേം കൂട്ടുകെട്ടായിരുന്നു. ഇരുവര്‍ക്കും നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ബേസില്‍ തമ്പിയുടെ ബാറ്റിംഗ് അദ്ഭുതപ്പെടുത്തി. മികച്ച ഓള് റൗണ്ടറായി വളരാന്‍ ബേസിലിനാകും. നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദത്തിനടിപ്പെടാതെ കളിച്ചുവെന്നതാണ് നമ്മുടെ മുന്നേറ്റത്തിനു കാരണമായത്.
വാട്മോറും ടിനുവും
കേരളത്തിന്റെ ഇത്തരത്തിലുള്ള മുന്നേറ്റത്തില്‍ മുഖ്യപരിശീലകന്‍ ഡേവിഡ് വാട്മോറിനും ബൗളിംഗ് പരിശീലകന് ടിനു യോഹന്നാനുമുള്ള പങ്ക് നിസ്തുലമാണ്. വളരെയധികം സ്വതന്ത്ര്യവും ആത്മവിശ്വാസവും തരുന്ന പരിശീലകനാണ് വാട്മോര്‍. താരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വാട്മോര്‍ ഞങ്ങള്‍ക്കൊക്കെ അദ്ഭുതമാണ്. ഒരാളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനുള്ള പ്രോത്സാഹനമാണ് അദ്ദേഹം തരുന്നത്. സ്വതന്ത്രമായി കളിക്കണമെന്ന് നിര്‍ദേശവും അദ്ദേഹം തരുന്നു. നായകനെന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയാണ് വാട്മോര്‍ നല്‍കുന്നത്.
അതുപോലെതന്നെയാണ് ടിനു യോഹന്നാനും. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിനു ഗുണകരമാണ്. ബേസിലും സന്ദീപുമടക്കമുള്ള പേസ് ബൗളര്‍മാര്‍ ഇന്ത്യ ശ്രദ്ധിക്കുന്ന നിലവാരത്തിലേക്കുയര്ന്നതില് ടിനുവിന്റെ വലിയ സ്വാധീനമുണ്ട്.
ഹരിയാനയ്ക്കെതിരേ മിന്നും വിജയം നേടിയ കേരള ടീം ഇന്ന് കൊച്ചിയിലെത്തും. കൊച്ചി സ്വദേശിയായ സച്ചിന് ബേബിയുടെ വിജയത്തിനു പിന്നില്‍ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. ഭാര്യ: അന്ന.
സി.കെ. രാജേഷ്കുമാര്‍