ബംഗളൂരു: രണ്ടു സ്ഥാപകരിൽ ഒരാൾ ഫ്ളിപ്കാർട്ട് വിട്ടുപോകും, ഒരാൾ തുടരും. സച്ചിൻ ബൻസലാണ് വിട്ടുപോകുന്നത്. ബിന്നി ബൻസൽ ഫ്ളിപ്കാർട്ടിൽ തുടരും.
വാൾമാർട്ട് 77 ശതമാനം ഓഹരി വാങ്ങി കന്പനിയുടെ നിയന്ത്രണം ഏറ്റെടുത്താലും കുറേക്കാലംകൂടി ബിന്നി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടരും. കന്പനിയുടെ സിഇഒ കല്യാൺ കൃഷ്ണമൂർത്തിയും തുടരും.അമേരിക്കയിലെ ആർക്കൻസസ് സംസ്ഥാനത്ത് ബെന്റോൺവിലിലാണു വാൾമാർട്ടിന്റെ ആസ്ഥാനം. സാം വാൾട്ടൺ 1962-ൽ തുടങ്ങിയ ചില്ലറ വ്യാപാരശൃംഖല ഇന്നു ലോകത്തിലെ ഏറ്റവും വിറ്റുവരവുള്ള കന്പനികളിലൊന്നാണ്.
11,718 സ്റ്റോറുകളുണ്ട് കന്പനിക്ക്. 50,034 കോടി ഡോളറിന്റെ (33.5 ലക്ഷം കോടിരൂപ) വില്പനയിൽ 2044 കോടി ഡോളർ പ്രവർത്തനലാഭമുണ്ടായിരുന്നു കഴിഞ്ഞവർഷം 23 ലക്ഷം ജീവനക്കാരുണ്ട്.ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം ഇപ്പോൾ 1500 കോടി ഡോളറിൽ താഴെയാണ്. 2026 -ഓടെ ഇത് 20,000 കോടി ഡോളർ ആകുമെന്നാണു വിലയിരുത്തൽ. ഈ വിപണിയിൽ മുന്നിലെത്തേണ്ടത് വാൾമാർട്ടിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഫ്ളിപ്കാർട്ട് അമേരിക്കൻ കന്പനിയുടെ കീശയിലായതോടെ ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ വ്യാപാരം അമേരിക്കൻ കുത്തകകളുടെ കൈയിലായി. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന സ്നാപ്ഡീൽ ഇപ്പോൾ വളരെ പിന്നിലാണ്.
ഫ്ളിപ്കാർട്ട് എന്ന പേര് വാൾമാർട്ട് ഉപേക്ഷിക്കില്ലെന്നാണു സൂചന. മൈന്ത്ര, ഫോൺപേ തുടങ്ങിയ ബ്രാൻഡുകളും നിലനിർത്തും.ഫ്ളിപ്കാർട്ടിനെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നതായി വാൾമാർട്ട് സിഇഒ കാൾ ഡഗ്ലസ് മക്മില്ലൺ പറഞ്ഞു.