കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികൾ കൈമാറിയതു സ്ഥിരീകരിച്ച് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിൻ പറഞ്ഞു. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. 20 ശതമാനം ഓഹരികളാണു സച്ചിന്റെ കൈവശമുണ്ടായിരുന്നത്.
വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോർട്ട്. ഗോൾ ഡോട്ട്കോമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികൾ കൈവശം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.
2014ൽ ഐഎസ്എലിന്റെ ആദ്യ സീസണ് മുതൽ സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേർന്നാണ് ടീം വാങ്ങിയത്.
കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ കടക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഡേവിഡ് ജെയിംസിനും ഈ സീസണ് നിർണായകമാണ്. ഇപ്പോൾ തായ്ലൻഡിൽ പ്രീ സീസണ് പരിശീലനത്തിലാണു ടീം. സെപ്റ്റംബർ 29-നാണു സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കോൽക്കത്തയിലെ യുവ ഭാരതി ക്രിരംഗം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും.