മുംബൈ: ചെന്നൈയിലെ ഒരു ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശമാണ് തന്‍റെ കരിയറിൽ വഴിത്തിരിവായതെന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങൾക്ക് ഒരു തുറന്ന മനസാണുള്ളതെങ്കിൽ ഒരുപാടു കാര്യങ്ങളിൽ നിങ്ങൾക്ക് ഉയർച്ചയുണ്ടാക്കാൻ കഴിയും. ഞാൻ ചെന്നൈയിൽ ഒരു ഹോട്ടലിൽ ഇരിക്കെ ഒരു വെയ്റ്റർ അടുത്തെത്തിയശേഷം നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. ഞാൻ അതിന് സമ്മതിച്ചു. എന്‍റെ എൽബോ ഗാർഡാണ് എന്‍റെ ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. കുറച്ചുകാലത്തിനുശേഷം പന്ത് എൽബോ ഗാർഡിൽ ഇടിച്ചപ്പോൾ എനിക്കു വേദനിച്ചു.
എൽബോഗാർഡ് ബാറ്റിംഗിനൊരു തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നു സച്ചിൻ പറഞ്ഞു. ഈ രാജ്യത്ത് പാൻവാലയ്ക്കു മുതൽ സിഇഒയ്ക്കുവരെ ഉപദേശം തരാൻ കഴിയുമെന്നും അത് സ്വീകരിക്കാനുള്ള മനസുണ്ടാകുന്നതാണു വലിയ കാര്യമെന്നും സച്ചിൻ വ്യക്തമാക്കി.