മുംബൈ: സച്ചിന് തെണ്ടുല്‍ക്കറുടെ ജീവിത കഥ പ്രതിപാദിക്കുന്ന സച്ചിന് എ ബില്യന്‍ ഡ്രീംസ് എന്ന സിനിമ ഇന്നു തിയേറ്ററുകളില്‍. ബാഹുബലി 2 റിലീസ് ചെയ്തതിനേക്കാൾ കൂടുതൽ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. ലോകമെന്പാടും 3300 തീയറ്ററുകളിലാണ് സച്ചിന്റെ സിനിമ റിലീസ് ചെയ്യുന്നത്.
ഇന്ത്യന്‍ സാംസ്കാരികത മുഴുവന്‍ ഒരു കുടക്കീഴില് അണിനിരന്ന പ്രത്യേക സ്ക്രീനിംഗാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. സച്ചിനൊപ്പം കളിച്ചവര്‍ തുടങ്ങി, ക്രിക്കറ്റിലെയും രാഷ്ട്രീയത്തിലെയും എന്നു വേണ്ട സമസ്ത മേഖലകളിലെയും ഉന്നതരായ വ്യക്തിത്വങ്ങളാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയത്. അമിതാഭ് ബച്ചന് മുതലുള്ള ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നുള്ള ഉന്നതരും സിനിമ കാണാനെത്തി.
ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, അനില്‍ കപൂര്‍, ഐശ്വര്യ റായി, അഭിഷേക് ബച്ചന്, ൺ ഏബ്രഹാം, എ.ആര്. റഹ്മാന്, തുടങ്ങിയവരായിരുന്നു പ്രമുഖര്‍.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും പത്നി നിതയുമടക്കമുള്ള ബിസിനസ് പ്രമുഖരും എത്തി.
ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി, മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കുര്‍, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ചീഫ് പ്രഫുല്‍ പട്ടേല്‍ എന്നിവരും എത്തി. സച്ചിന്റെ പത്നി അഞ്ജലി, മക്കളായ സാറ, അര്ജുന്, സഹോദരന് അജിത് എന്നിവര്‍ക്കൊപ്പം പരിശീലകന് രമാകാന്ത് അച്ചരേക്കറും ഉണ്ടായിരുന്നു. സച്ചിന്റെ ഏറ്റവും വലിയ ആരാധകന് എന്നറിയപ്പെടുന്ന സുധീര്‍ കുമാറും സിനിമ കാണാനെത്തിയത് കൗതുകമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നടങ്കമാണ് സിനിമയ്ക്കെത്തിയത്.
വളരെ മികച്ച സിനിമയാണ് ഇതെന്നും സച്ചിനെ കൂടുതല്‍ അടുത്തറിയാന്‍ സിനിമ സഹായിക്കുമെന്നും മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി പറഞ്ഞു. സച്ചിന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് അതെങ്ങനെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നുമാണ് സിനിമ പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വൈകാരികമായാണ് അമിതാഭ് ബച്ചന് സിനിമയെക്കുറിച്ചു പ്രതികരിച്ചത്.
ഇന്ത്യയിലെ ഓരോരുത്തരും ഈ സിനിമ കാണണം. അത്രയ്ക്കു പ്രചോദനം നല്കുന്ന സിനിമയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്ത് അദ്ദേഹം ജനിച്ചതില്‍ നാം അഭിമാനിക്കുന്നതിനേക്കാള്‍ അദ്ദേഹം അഭിമാനിക്കുന്നുവെന്ന് ബിഗ് ബി കൂട്ടിച്ചേര്‍ത്തു. ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ വിനയാന്വിതനാകണമെന്ന സന്ദേശവും സിനിമ നല്‍കുന്നുണ്ട്.
സച്ചിന് എന്ന അച്ഛന് എന്തായിരുന്നു എന്ന് ഞങ്ങള്‍ മക്കള്‍ക്ക് നേരിട്ടറിയാം. എന്നാല്‍, അത് അതേപടി സിനിമയില്‍ കാണുക എന്നത് പുതിയ എക്സ്പീരിയന്‍സാണ്. ലോകത്തെ ഏറ്റവും ഭാഗ്യമുള്ള മക്കളാണ് തങ്ങളെന്ന് സാറ പറഞ്ഞു. അച്ചനും അമ്മയും തമ്മിലുള്ള പ്രണയം ഞങ്ങള്‍ വളരെ ആസ്വദിച്ചെന്നും സാറ കൂട്ടിച്ചേർത്തു.