സിഡ്നി: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും കോട്നി വാല്‍ഷും പരിശീലകരാകുന്നു. ഇരുവരും ദേശീയ ടീമിനെയല്ല പരിശീലിപ്പിക്കുന്നത്. പകരം മുന്‍കാലങ്ങളിലെ താരങ്ങള്‍ അണിനിരക്കുന്ന താരസമ്പന്നമായ ടീമിനെയാണ് പരിശീലിപ്പിക്കുന്നത്.
അടുത്തയിടെ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയില്‍ ഇരയായവര്‍ക്ക് ധനസഹായം നല്കാന് ഉദ്ദേശിച്ചുള്ള ചാരിറ്റി മത്സരത്തിനുള്ള ടീമിനെയാണ് ഇവര്‍ പരിശീലിപ്പിക്കുന്നത്. ഓസ്ട്രേലിയയുടെ ഇതിഹാസങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവരും മത്സരത്തിലുണ്ട്.
ഷെയ്ന് വോണ്‍ നായകനായ ടീമിന്റെ കോച്ചാണ് തെണ്ടുല്‍ക്കര്‍. റിക്കി പോണ്ടിംഗ് നായകനായ ടീമിനെ വാല്‍ഷും പരിശീലിപ്പിക്കും. സ്റ്റീവ് വോയും ഓസ്ട്രേലിയയുടെ കോച്ച് ജസ്റ്റിന് ലാംഗര്‍ എന്നിവര്‍ നോണ്‍ പ്ലെയിംഗ് റോളിലുണ്ട്.
കളിക്കാരെന്ന നിലയില്‍ ക്രിക്കറ്റില്‍ വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ച സച്ചിനെയും കോട്നിയെയും ഓസ്ട്രേലിയയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് വളരെ ബഹുമതിയായി കരുതുന്നുവെന്നും അവരുടെ വരവിനായി കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ കെവിന് റോബര്‍ട്സ് പറഞ്ഞു.
ഫെബ്രുവരി എട്ടിന് നടക്കുന്ന ബിഗ് ബാഷ് ലീഗ് ഫൈനലിനു മുമ്പാണ് ചാരിറ്റി മത്സരം നടക്കുക. മത്സരത്തില്‍നിന്നു ലഭിക്കുന്ന വരുമാനവും ഫണ്ടും ഓസ്ട്രേലിയന്‍ റെഡ് ക്രോസിനു കൈമാറും.
കാട്ടുതീയില്‍പ്പെട്ട ഓസ്ട്രേലിയയിലെ ലോക്കല്‍ ക്രിക്കറ്റ് ക്ലബ്ബുകളുടെ പുനരുദ്ധാരണത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ രണ്ടു മില്യന്‍ ഓസ്ട്രേലിയന്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. തീപിടിത്തത്തില്‍ 29 പേര് മരിച്ചപ്പോള്‍ 2000 വീടുകള്‍ കത്തിനശിച്ചു.
പല കായിക താരങ്ങളും തീപിടിത്തത്തത്തുടര്ന്നുള്ള പുനരുദ്ധാരണ നടപടികള്‍ക്കായി അവരുടെ പ്രധാന വസ്തുക്കളും പണവും സംഭവന നല്കി.
ഷെയ്ന് വോണിന്റെ ബാഗി ഗ്രീന്‍ ക്യാപ് 7,00,000 യുഎസ് ഡോളറിനാണ് ലേലത്തില്‍ വിറ്റുപോയത്. ഡബ്ല്യുടിഎ ഓക് ലന്‍ഡ് ക്ലാസിക് ജേതാവായ സെറീന വില്യംസ് വിജയികള്‍ക്കുള്ള 43,000 യുഎസ്് ഡോളറിന്റെ ചെക് സംഭാവന നല്കി.
ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായുള്ള പ്രദര്‍ശന ടെന്നീസ് മത്സരത്തില്‍ റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഇറങ്ങിയിരുന്നു. ഇതിലെ വരുമാനവും പുനരുദ്ധാരണ പരിപാടികള്‍ക്കായി സംഭാവന ചെയ്തു.