മുംബൈ: കോവിഡ് രോഗികൾക്കായി ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ എത്തിക്കാൻ സച്ചിൻ തെൻഡുൽക്കർ ഒരു കോടി രൂപ സഹായം നൽകി.
ആശുപത്രികൾക്ക് പ്രാണവായു എത്തിക്കാനായി ആരംഭിച്ച മിഷൻ ഓക്സിജൻ യജ്ഞത്തിനാണ് സച്ചിൻ തുക കൈമാറിയത്.
രാജ്യം ഗുരുതര പ്രതിസന്ധിയിൽ കഴിയുന്പോൾ സഹായം നൽകാതെ പിറന്നാൾ ആഘോഷിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സച്ചിനെതിരേ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. മലയാളികൾ അടക്കമുള്ളവർ സച്ചിനെ ട്രോളിക്കൊണ്ട് പോസ്റ്റുകൾ നിറച്ചിരുന്നു.
മിഷൻ ഓക്സിജന്‍ തന്റെ സംഭാവന നൽകിയതായും അവരുടെ ശ്രമങ്ങൾ എത്രയും പെട്ടെന്ന് രാജ്യത്തെങ്ങുമുള്ള രോഗികൾക്ക് താങ്ങാകട്ടെയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
താൻ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് രാജ്യം നൽകിയ പിന്തുണ ഓർമിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.