രാജ്യസഭയിൽ തന്റെ കന്നിപ്രസംഗം മുടങ്ങിയെങ്കിലും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ കുലുങ്ങിയില്ല. നേരെ വീട്ടിലെത്തി തന്റെ ഫേസ്ബുക്കിലൂടെ പ്രസംഗിച്ചു: കായിക ഇന്ത്യയെക്കുറിച്ചുള്ള “സച്ചിൻ കാഴ്ചപ്പാടുകൾ’. 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മുഴുവൻ ഇന്ത്യ കായികമേഖലയിൽ മറികടക്കേണ്ട കടന്പകളേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ഇന്ത്യക്കാരുടെ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും സച്ചിൻ ആശങ്കാകുലനാകുന്നത് വീഡിയോയിൽ കാണാം.
വിവിധ കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ ജനതയെ ഗ്രസിച്ചിരിക്കുന്ന പൊണ്ണത്തടി, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളേക്കുറിച്ചും സച്ചിൻ വാചാലനാകുന്നുണ്ട്.
എന്തായാലും പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽതന്നെ സച്ചിന്റെ വീഡിയോ വൈറലായി. സച്ചിന്റെ പ്രസംഗം രാജ്യസഭയിൽ മുടങ്ങിയത് നന്നായെന്നും അതു കൊണ്ട് കോടിക്കണക്കിന് സാധാരണക്കാരിലേക്ക് അദ്ദേഹത്തിന്റെ ആശയങ്ങൾ ഫേസ്ബുക്കിലൂടെ എത്തിയെന്നും നെറ്റിസൻസ് പറയുന്നു.