മുംബൈ: കോവിഡ് ബാധിതനായി മുംബൈയിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ തന്നെ ഇക്കാര്യം ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
മാർച്ച് 27ന് കോവിഡ് ബാധിതനായ സച്ചിൻ വീട്ടിൽ കഴിയുകയായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏവരുടെയും പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികത്തിന്റെ ആശംസയും ട്വിറ്ററിൽ കുറിച്ചു.
47 വയസുകാരനായ സച്ചിൻ അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്.
സച്ചിന് പുറമേ ഇന്ത്യൻ ലജൻഡ്സ് ടീമിലുണ്ടായിരുന്ന ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സുബ്രഹ്മണ്യൻ ബദരിനാഥ് എന്നിവർക്കും കോവിഡ് പിടിപെട്ടിരുന്നു.
ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അടക്കം പ്രമുഖ ടീമുകൾ അണിനിരന്ന റോഡ് സേഫ്റ്റി സീരീസിൽ കിരീടം സ്വന്തമാക്കിയത് സച്ചിൻ നയിച്ച ഇന്ത്യയാണ്.