കാഷ്മീര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് കനത്ത് തിരിച്ചടി നല്‍കണമെന്ന ആവശ്യമാണ് രാജ്യം ഒരേ സ്വരത്തില്‍ ഉന്നയിക്കുന്നത്. പാക്കിസ്ഥാനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-പാക് ലോകകപ്പ് കളിക്കേണ്ട എന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഗവാസ്‌ക്കറുമെല്ലാം പാക്കിസ്ഥാനുമായി കളിക്കുക തന്നെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കളിച്ച് ജയിച്ചാണ് അവരോട് പ്രതികാരം ചെയ്യേണ്ടതെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചതിന്റെ പേരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഗവാസ്‌കറെയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്.
ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു അര്‍ണബിന്റെ വെള്ളിയാഴ്ചത്തെ ചാനല്‍ ചര്‍ച്ച. ‘ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്ഥാനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്. ഗവാസ്‌കറാണ് ഇക്കാര്യം രണ്ടാമത് പറയേണ്ടത്. ഇവര്‍ രണ്ട് പേരും പറയുന്നത് നമുക്ക് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ട് പേരുടേയും നിലപാട് തെറ്റാണ്. നമുക്ക് രണ്ട് പോയന്റിന്റെ ആവശ്യമില്ല, മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സച്ചിന് രണ്ട് പോയന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം.’
ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാവിരുദ്ധരുമായ രണ്ട് കൂട്ടരാണ് നിലവില്‍ രാജ്യത്തുള്ളവരെന്നും അര്‍ണബ് പറഞ്ഞു. അതേസമയം അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ചു.
‘നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല’-അശുതോഷ് ചോദിച്ചു. രണ്ട് അതിഥികളും പ്രതിഷേധം കനപ്പിച്ചതോടെ അര്‍ണബ് നിലപാട് മയപ്പെടുത്തുകയായിരുന്നു.