മുംബൈ: തന്റെ ക്രിക്കറ്റ് കരിയറിലെ കഠിന നാളുകൾ ഓർമിച്ച് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. ടെന്നീസ് എൽബോ പിടിപെട്ട കാലമാണ് കരിയറിനെ പിടിച്ചുലച്ചതെന്ന് സച്ചിൻ പറഞ്ഞു. ടെന്നീസ് എൽബോ സങ്കീർണമായ പ്രശ്നമാണ്.
എനിക്ക് പിടിപെട്ടശേഷം ഒട്ടേറെ സുഹൃത്തുക്കൾക്കും ടെന്നീസ് എൽബോ ബാധിച്ചു. ടെന്നീസ് എൽബോ ബാധിച്ചാൽ വേദന എങ്ങനെയാണെന്ന് അവർ മുന്പ് ചോദിച്ചിരുന്നു. ഒരിക്കൽ അത് അനുഭവിച്ചറിയണം, പറഞ്ഞു ഫലിപ്പിക്കുക അസാധ്യമാണ് എന്നായിരുന്നു ഞാൻ നല്കിയ മറുപടി. ഒരു മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ടാൽ നിങ്ങൾക്ക് വാതിൽ തുറക്കാനാവില്ല.
അത്രത്തോളം തീവ്രമാണ് വേദന. എന്റെ രോഗം കടുപ്പമേറിയതായിരുന്നു. ടെസ്റ്റ് മാച്ചിന് മുന്പ് രാവിലെ ഇഞ്ചക്ഷൻവരെ എടുത്തു. എന്നാൽ ഒന്നും പ്രയോജനപ്പെട്ടില്ല. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുക മാത്രമായി മുന്പിലുള്ള പോംവഴി. എന്റെ എല്ലാ ഡോക്ടർമാരും ഫിസിയോ സുഹൃത്തുക്കളും പരിശ്രമിച്ചു- സച്ചിൻ പറഞ്ഞു.
ഭാര്യ അഞ്ജലി, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ നിസ്വാർഥമായ സഹായത്തോടെയാണ് ഒരു പ്ലാസ്റ്റിക് ബാറ്റ്പോലും എടുക്കാൻ സാധിക്കില്ലെന്ന് കരുതിയിടത്തുനിന്ന് തിരിച്ചെത്താൻ സഹായകമായതെന്നും സച്ചിൻ പറഞ്ഞു.