ന്യൂഡൽഹി: ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ് അയച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎൽ ടീമുകളുടെ മെന്റർമാരായി സേവനം ചെയ്യുന്നതു ചോദ്യം ചെയ്താണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സച്ചിൻ മുംബൈ ഇന്ത്യൻസിന്റെയും ലക്ഷ്മൺ സൺറൈസേഴ്സ് ഹൈദരബാദിന്റെയും മെന്റർമാരാണ്. ബിസിസിഐ ഓംബുഡ്സ്മാനാണ് ഇരുവർക്കും നോട്ടീസ് അയച്ചത്. എന്നാൽ സച്ചിന് മുംബൈ ഇന്ത്യൻസുമായി ഔദ്യോഗിക കരാറുകളൊന്നും ഇല്ലെന്നും ഫ്രാഞ്ചസിയിൽനിന്നും പണം പറ്റുന്നില്ലെന്നും പറയുന്നു. ക്രിക്കറ്റ് ഉപദേശക സമിതിയിലെ പ്രവർത്തനത്തിനും അദ്ദേഹം പ്രതിഫലം വാങ്ങുന്നില്ല.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.