ന്യൂഡൽഹി: രാജസ്ഥാൻ മന്ത്രിസഭയിൽനിന്നും കോണ്ഗ്രസ് പദവികളിൽനിന്നും പുറത്തായെങ്കിലും സച്ചിൻ പൈലറ്റിനെ കൈവിടാതെ രാഹുൽ ഗാന്ധി. ബിജെപിയിലേക്കില്ലെന്നു സച്ചിൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനായി രാഹുൽ വാതിൽ തുറക്കുന്നത്. സച്ചിനെതിരായ പ്രസ്താവനകളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു രാഹുൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടതായാണു സൂചന.
സച്ചിനുമായി രാഹുൽ ഇതുവരെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ല. എന്നാൽ സച്ചിൻ രാഹുലിന്റെ അടുപ്പക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. പ്രിയങ്ക ഗാന്ധി സച്ചിനുമായി മൂന്നു തവണ ഫോണ് സംഭാഷണവും നടത്തിയെന്നതും പാർട്ടിക്കു പ്രതീക്ഷ നൽകുന്നതാണ്.
സോണിയയും രാഹുലും പ്രിയങ്കയും തനിക്ക് അനുകൂലമായ ഒരു തീരുമാനവും പരിഹാരവും ഉണ്ടാക്കുമെന്നുതന്നെയാണു പൈലറ്റിന്റെ പ്രതീക്ഷ. ഒരു മാസത്തിനുള്ളിൽ സച്ചിൻ പൈലറ്റിനു സുപ്രധാന ദേശീയ പദവി നൽകി പാർട്ടിക്കുള്ളിൽ തന്നെ നിർത്താനാണു കോണ്ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്നും സൂചനയുണ്ട്.
ഹരിയാനയിൽ ബിജെപിയുടെ ആതിഥ്യത്തിൽ കഴിയുന്നത് എത്രയും വേഗം അവസാനിപ്പിച്ച് ഒപ്പമുള്ള എംഎൽഎമാരെയും കൂട്ടി വേഗം ജയ്പൂരിൽ തിരിച്ചെത്താൻ കോണ്ഗ്രസ് നേതൃത്വം സച്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎംൽഎമാർ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലെ രണ്ടു ഹോട്ടലുകളിലാണു കഴിയുന്നത്.അതിനിടെ, സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ സർക്കാരിനെതിരേ നീങ്ങിയതിന് തെളിവുണ്ടെന്നാണ് അശോക് ഗെലോട്ട് അവകാശപ്പെടുന്നത്.
ജയ്പൂരിൽ കുതിരക്കച്ചവടം നടന്നിട്ടുണ്ട്, അതിന് തെളിവുമുണ്ട്. എംഎൽഎമാർക്ക് കൂറുമാറുന്നതിനായി പണവും വാഗ്ദാനം ചെയ്തിരുന്നു. അതു മുന്നിൽ കണ്ടാണ് എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നും ഗെലോട്ട് പറഞ്ഞു.