രാജസ്ഥാനില്‍ വസുന്തര രാജ സിന്ധ്യയെയും കൂട്ടരെയും തോല്‍പ്പിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രധാനിയാണ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ സച്ചിന്‍ പൈലറ്റ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയതോടെ സച്ചിന്‍ നിറവേറ്റിയിരിക്കുന്നത് തന്റെ സ്വപ്‌നം മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെടുത്ത ഒരു ശപഥം കൂടിയാണ്.
നാലുകൊല്ലം മുമ്പാണ് സച്ചിന്‍ പൈലറ്റ് തന്റെ തലപ്പാവ് അഴിച്ചുവെച്ചത്. കോണ്‍ഗ്രസ് ഇനി അധികാരത്തിലേറാതെ തനിക്കേറെ പ്രിയങ്കരമായ തലപ്പാവ് എടുത്തണിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിന് മുന്നില്‍നിന്ന് പടനയിച്ച സച്ചിന്‍ പൈലറ്റ് അഭിമാനത്തോടെ തലപ്പാവണിയുകയും ചെയ്തു. രാജസ്ഥാനിലെ പരമ്പരാഗതമായ സഫാ തലപ്പാണ് അദ്ദേഹം അണിയാറുള്ളത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ചുവന്ന തലപ്പാവണിഞ്ഞാണ് അദ്ദേഹം എത്തിയത്. പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ബിരുദവും വാര്‍ട്ടനില്‍നിന്ന് എംബിഎയും നേടിയ അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവി ശേഷിക്കുന്നുണ്ടെന്ന് ഉറപ്പാണ്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാനായത് സച്ചിന്‍ പൈലറ്റിന്റെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് തലപ്പത്ത് അദ്ദേഹത്തിനുള്ള സ്വാധീനം പഴയതിലും ഇരട്ടിയാകും.
നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയുടെ മകള്‍ സാറ അബ്ദുള്ളയാണ് സച്ചിന്റെ ഭാര്യ. മുസ്ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തില്‍ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയത്. ഈ വെല്ലുവിളി മറികടന്നാണ് സച്ചിന്‍ വിജയ വഴിയിലെത്തിയതും തലപ്പാവ് വീണ്ടും അണിഞ്ഞതും.