രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ കാണണം! പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പുഷ്അപ്പ് എടുത്ത് സച്ചിന്‍ സ്വരൂപിച്ച് നല്‍കിയത് 15 ലക്ഷം രൂപ

പുല്‍വാമയില്‍ ജീവന്‍ നഷ്ടപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം ഒഴുകുകയാണ്. രാജ്യത്തെ പൗരന്‍ എന്ന നിലയിലുള്ള തന്റെ സംഭാവന, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും അവര്‍ക്കായി നല്‍കുകയുണ്ടായി.

തികച്ചും വ്യത്യസ്തമായ രീതിയിലാണ് സച്ചിന്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി 15 ലക്ഷം രൂപ സംഭാവന ചെയ്തത്. പുഷ്അപ്പ് എടുത്താണ് സച്ചിന്‍ പണം സ്വരൂപിച്ചത്. ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് പണം കണ്ടെത്താനായി സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്അപ്പ് എടുക്കുകയും ചെയ്തു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്.

10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു. ഏത് വഴിയിലൂടേയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാനാണ് സച്ചിന്‍ ആരാധകരോട് ആഹ്വാനം ചെയ്തത്.

നേരത്തെ, പുല്‍വാമയിലെ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യത്തെ തള്ളിയ നിലപാടെടുത്ത സച്ചിനെതിരെ റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. രാജ്യദ്രേഹിയെന്നാണ് സച്ചിനേയും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയ സുനില്‍ ഗവാസ്‌കറേയും അര്‍ണാബ് വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.

Related posts