മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ അപേക്ഷ നല്കിയ മുന്‍ താരവും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ പിന്തുണ. പരിശീലകനാകാനില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ശാസ്ത്രി സച്ചിന്റെ ഉപദേശത്തിലൂടെ മനസ് മാറിയെന്നും അപേക്ഷ അയയ്ക്കുകയുമായിരുന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സച്ചിനും ശാസ്ത്രിയും ഇപ്പോള്‍ കുടുംബസമേതം ലണ്ടനിലാണ്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം അവസാന നിമിഷം വരെ രവി ശാസ്ത്രിയെ പരിഗണിച്ച ശേഷം അപ്രതീക്ഷിതമായി കുംബ്ലെയെ പരിശീലകനാക്കുകയായിരുന്നു. ഇതില്‍ കടുത്ത അമര്‍ഷം ശാസ്ത്രിക്ക് ഉണ്ട്. ഈ അമര്‍ഷം ഒക്കെ മാറ്റിവച്ച് സച്ചിന്റെ നിര്‍ദേശം സ്വീകരിച്ചിരിക്കുകയാണ് ശാസ്ത്രി. രവി ശാസ്ത്രി പരിശീലകനായി വരണമെന്ന വിരാട് കോഹ്ലിയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സച്ചിന്റെ ഇടപെടല്‍.
2016ല്‍ പരിശീലക തെരഞ്ഞെടുപ്പില്‍ ഗാംഗുലിക്കും ലക്ഷ്മണുമൊപ്പം സച്ചിനും കൂടി അഭിമുഖം നടത്തിയാണ് രവി ശാസ്ത്രിയെ തള്ളി കുംബ്ലെയെ പരിശീലകനായി തെരഞ്ഞെടുത്തത്.അന്ന് കുംബ്ലെയെ തെരഞ്ഞെടുക്കുന്നതില്‍ ഉപദേശക സമിതിയില്‍ ഭിന്നിപ്പുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സച്ചിന് രവി ശാസ്ത്രിക്ക് അനുകൂലമായാണത്രേ നിലപാടെടുത്തത്. അതേസമയം, ഗാംഗുലിക്ക് കുംബ്ലെയോടായിരുന്നു താത്പര്യം. തുടര്‍ന്ന് ലക്ഷ്മണിന്റെ തീരുമാനം നിര്‍ണായകമാകുകയായിരുന്നു. ലക്ഷ്മണ് ഗാംഗുലിക്കൊപ്പം നില്‍ക്കുകയും കുംബ്ലെയെ തെരഞ്ഞെടുക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തു.
അന്ന് രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്ന ഗാംഗുലി അത്യാവശ്യമായ വേറെ ജോലിയുണ്ടെന്ന് പറഞ്ഞ് ഹോട്ടല്‍ വിടുകയും ചെയ്തു. ടോം മൂഡി, വിരേന്ദര്‍ സെവാഗ്, റിച്ചാർഡ് പൈബസ്, ലാല്‍ചന്ദ് രാജ്പുത്, ഡോഡ ഗണേശ് എന്നിവരും പരിശീലകരാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തവണ ശാസ്ത്രി പരിശീലകനാകുമെന്നാണ് കരുതുന്നത്.