ന്യൂഡൽഹി: സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡുകളിൽ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോഹ്ലി തകർക്കാൻ സാധ്യതയുണ്ടെന്നു മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. 200 ടെസ്റ്റുകളെന്ന സച്ചിന്റെ റിക്കാർഡ് കോഹ്ലിക്കു കിട്ടാക്കനിയാകുമെന്നാണു സേവാഗിന്റെ പ്രവചനം.
ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോഹ്ലിയാണ്. സെഞ്ചുറികളുടെ കാര്യത്തിൽ, റണ്‍സ് അടിച്ചുകൂട്ടുന്ന കാര്യത്തിൽ, കോഹ്ലി തന്നെയാണു മികച്ചുനിൽക്കുന്നത്. സച്ചിൻ തെണ്ടുൽക്കറിന്റെ മിക്ക റിക്കാർഡുകളും കോഹ്ലി തകർക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, ടെസ്റ്റിൽ 200 മത്സരങ്ങൾ കളിച്ച സച്ചിന്റെ റിക്കാർഡ് തകർക്കാൻ കോഹ്ലിക്കു സാധിച്ചേക്കില്ല. കോഹ്ലിക്കെന്നല്ല, ആർക്കും ഈ നേട്ടം തകർക്കാനാകില്ലെന്നാണു ഞാൻ കരുതുന്നത്- സേവാഗ് പറഞ്ഞു.
സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച ബാറ്റ്സ്മാൻ കോഹ്ലിയാണെന്നും കണ്ണുകൾക്ക് ആനന്ദകരമാകുന്നതു കോഹ്ലിയുടെ ബാറ്റിംഗാണെന്നും സേവാഗ് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം നിലവിൽ ലോകത്തെ ഒന്നാം നന്പർ ബാറ്റ്സ്മാനാകുന്നതെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
200 ടെസ്റ്റിൽനിന്നായി 53.79 ശരാശരിയിൽ 15921 റണ്‍സാണു സച്ചിന്റെ സന്പാദ്യം. കോഹ്ലിയാവട്ടെ 77 ടെസ്റ്റുകൾ മാത്രമാണു കളിച്ചത്. എന്നിരുന്നാലും 131 ഇന്നിംഗ്സുകളിൽനിന്നായി 6613 റണ്‍സ് നേടിക്കഴിഞ്ഞു. 25 ടെസ്റ്റ് സെഞ്ചുറികൾ ഇതുവരെ കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. സച്ചിന്റെ ടെസ്റ്റ് അക്കൗണ്ടിൽ 51 സെഞ്ചുറികളാണുള്ളത്.
ഏകദിനത്തിൽ കോഹ്ലി സച്ചിനു തൊട്ടുപിന്നിലാണ്. 239 ഏകദിനങ്ങളിൽ നിന്ന് 11520 റണ്‍സ് പേരിലാക്കിക്കഴിഞ്ഞ കോഹ്ലിയുടെ അക്കൗണ്ടിൽ 43 സെഞ്ചുറികളുണ്ട്. 463 ഏകദിനങ്ങൾ കളിച്ച സച്ചിൻ 44.83 ശരാശരിയിൽ 18426 റണ്‍സാണ് നേടിയിട്ടുള്ളത്. 49 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്.