എനിക്കീ വര്‍ഷം ലഭിച്ച ഏറ്റവും നല്ല പിറന്നാള്‍ സമ്മാനമാണ് ഇത്! ട്വിറ്ററില്‍ സന്തോഷം പങ്കുവച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; സിബിഎസ്‌സിയെ അഭിനന്ദിച്ചുകൊണ്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കുറിപ്പ്

സ്‌കൂളുകളില്‍ കായികപരിശീലനത്തിന് ഒരു പീരിയഡ് മാറ്റിവെക്കണമെന്ന സി.ബി.എസ്.ഇയുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയാണ് സച്ചിന്‍ തന്റെ സന്തോഷം പങ്കുവെച്ചത്.

വിദ്യാര്‍ത്ഥികളുടെ കായിക പരിശീലനത്തിന് വേണ്ടി പിന്തുണ നല്‍കിയ ബോര്‍ഡിന് നന്ദി പറയുന്നുവെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആരോഗ്യവും നല്ല ഭാവിയും ഉണ്ടാവട്ടെയെന്നും സച്ചിന്‍ ട്വിറ്ററില്‍ പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു സച്ചിന്റെ 45ാം പിറന്നാള്‍. ഈ വര്‍ഷം തനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാള്‍ സമ്മാനമാണ് ഇതെന്നും സച്ചിന്‍ കുറിച്ചു.

ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് കായിക പരിശീലനങ്ങള്‍ (ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍) നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സി.ബി.എസ്.ഇ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥികളുടെ കായിക പരിശീലനത്തിന് അധ്യാപകര്‍ ഗ്രേഡ് നല്‍കണമെന്നും സി.ബി.എസ്.ഇ വെബ്‌സൈറ്റ് വഴി ഇത് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 10,12 ക്ലാസ് പരീക്ഷകള്‍ക്ക് ഈ ഗ്രേഡുകള്‍ നിര്‍ബന്ധമായും പരിഗണിക്കപ്പെടുമെന്നും എന്നാല്‍ ഇത് മാര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Related posts