ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻണ്ടുൽക്കർ വീണ്ടും അരങ്ങേറ്റം കുറിക്കുന്നു. കേട്ടിട്ട് അദ്ഭുതപ്പെട്ടോ? എന്നാൽ അറിഞ്ഞോളൂ, കമന്റേറ്ററുടെ റോളിലാണ് ഇതിഹാസ താരം അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ കമന്ററി ബോക്സിൽ സച്ചിനുമുണ്ടാകും.
സ്റ്റാർ സ്പോർട്സിൽ ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീഷോയിലാണ് കളി വിലയിരുത്താൻ ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന പരിപാടിയിൽ “സച്ചിന് ഓപ്പണ്‍സ് എഗെയിന്‍’ എന്നാണ് സച്ചിന്റെ സെഷന്റെ പേര്. മറ്റു മുൻ താരങ്ങളും സച്ചിനൊപ്പം പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യക്ക് വേണ്ടി ആറു ലോകകപ്പുകൾ കളിച്ച താരം 2,278 റൺസ് വാരിക്കൂട്ടി. 2003ല്‍ 11 ഇന്നിംഗ്സില്‍ നിന്നും 673 റണ്‍സാണ് സച്ചിന് വാരിക്കൂട്ടിയത്. 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ 34,357 റൺസാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം.