‘നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങി എന്റെ തലയ്ക്കു മുകളിലൂടെ പന്ത് ഗാലറിയിലേക്ക് സിക്സർ പറത്തുന്ന സച്ചിന്റെ ദൃശ്യം ദുഃസ്വപ്നമായി ഏത് ഉറക്കത്തിലും എന്നെ വേട്ടയാടും’- ഈ വാക്കുകൾ ലെഗ് സ്പിൻ മാന്ത്രികനായി വാഴ്ത്തപ്പെടുന്ന ഓസീസ് മുൻ താരമായ സാക്ഷാൽ ഷോയ്ൻ വോണിന്റേതാണ്
വോണിന്റെ ഈ വാക്കുകൾ ഇന്ത്യൻ ആരാധകർ പലയാവർത്തി കേട്ട് രോമാഞ്ചമണിഞ്ഞിട്ടുണ്ട്. കാരണം, അതിനു മുന്‍പും ശേഷവും ഒരു ബൗളറും ഇതുപോലെ മറ്റൊരു ബാറ്റ്സ്മാനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഇതിഹാസങ്ങളുടെ കൊന്പുകോർക്കലായാണ് സച്ചിൻ x വോണ്‍ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടത്.
കാരണം, ബാറ്റിംഗിൽ സച്ചിനെയും ലെഗ് സ്പിന്നിൽ വോണിനെയും വെല്ലാൻ ക്രിക്കറ്റ് ലോകത്ത് ആളുണ്ടായിരുന്നില്ല. ഇവരുടെ പോരാട്ടം മൂർധന്യാവസ്ഥയിലെത്തിയത് 1998ലായിരുന്നു.
ആ വർഷം ഓസ്ട്രേലിയൻ പര്യടനത്തിലും ഓസ്ട്രേലിയ ഇന്ത്യയിൽ എത്തിയപ്പോഴും വോണിനെ പറപ്പിച്ച് താനാണ് ലോകത്തിലെ ഏക മാസ്റ്റർ ബ്ലാസ്റ്റർ എന്ന് അടിവരയിട്ടു.
സച്ചിൻ 98ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്ട്രേലിയയ്ക്കെതിരേ തുടർച്ചയായി മൂന്ന് സെഞ്ചുറികളാണ് സച്ചിൻ നേടിയത്. ഷെയ്ൻ വോണും കൂട്ടുകാരൻ ഗാവിൻ റോബേർട്സണുമായിരുന്നു സച്ചിന്റെ പ്രഹരശേഷി അറിഞ്ഞത്.
1998ലെ ഏപ്രിൽ 22. ഷാർജ വേദിയായ കൊക്കകോള കപ്പിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ. ഓസ്ട്രേലിയ മുന്നോട്ടുവച്ചത് 285 റണ്‍സ് എന്ന ലക്ഷ്യം. സച്ചിന്റെ തോളിലേറി ഇന്ത്യ ജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
131 പന്തിൽ ഒന്‍പത് ഫോറും അഞ്ച് സിക്സും അടക്കം 143 റണ്‍സ് നേടി സച്ചിൻ തന്റെ അതുവരെയുള്ള കരിയറിലെ ഉയർന്ന സ്കോർ കുറിച്ചു. ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഫൈനലിൽ പ്രവേശിച്ചിരുന്നു.
രണ്ടു ദിവസത്തിനുശേഷം (ഏപ്രിൽ 24) നടന്ന ഫൈനലിലും വോണിനെ കണക്കിനു ശിക്ഷിച്ച് സച്ചിൻ സെഞ്ചുറി (131 പന്തിൽ 134) നേടി ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. ആ സെഞ്ചുറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, സച്ചിന്റെ ഇരുപത്തഞ്ചാം പിറന്നാൾ ദിനത്തിലായിരുന്നു അത്.
ഷെയ്ൻ വോണിനെ ഞെട്ടിക്കുന്ന ദുഃസ്വപ്നം സച്ചിന്റെ ഷോട്ടായിരുന്നു – ലോഫ്റ്റഡ് ഡ്രൈവ്. ക്രീസിൽ നിന്നും നൃത്തച്ചുവടുകളോടെയിറങ്ങി ബൗളറുടെ തലയ്ക്കു മുകളിലൂടെ പന്ത് സൈറ്റ് സ്ക്രീനിനും അപ്പുറത്തേക്ക് പറപ്പിക്കുന്ന ഷോട്ട്, ടെന്നീസ് എൽബോക്കാലത്തിനു മുന്‍പ് സച്ചിന്റെ ക്ലാസ് ഷോട്ടുകളിലൊന്ന്.
വോണിനെതിരേ സച്ചിൻ പ്രയോഗിച്ചിരുന്ന മറ്റൊരു ഷോട്ടായിരുന്നു പാഡൽ സ്വീപ്പ്. ലെഗ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞ് ഓഫ് സ്റ്റംപ് തെറിപ്പിക്കുന്ന പ്രതിഭയാണ് വോണെന്ന് അറിഞ്ഞുതന്നെയായിരുന്നു സച്ചിന്റെ ഈ പാഡൽ സ്വീപ് ഷോട്ട്.
വിക്കറ്റ് കീപ്പറിന്റെ കാലുകളുടെ അരികിലൂടെ പന്തിനെ തൂത്തടിച്ച് ഫൈൻ ലെഗിൽ ബൗണ്ടറി നേടുക. അതായിരുന്നു സച്ചിന്റെ മാസ്റ്റർ പ്ലാൻ. ഇതെല്ലാമാണ് ആ കാലഘട്ടത്തെ പേടിസ്വപ്നം എന്ന് വോണ്‍ വിശേഷിപ്പിക്കാൻ കാരണം.