കൊച്ചി: പതിമൂന്നുവയസുകാരി വൈഗയുടെ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിതാവ് സനു മോഹനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത് 26 ദിവസത്തിന് ശേഷം.
സംഭവത്തിനു പിന്നാലെ കാറില്‍ സംസ്ഥാനം വിട്ട സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നുപോയതായി മാത്രമായിരുന്നു പോലീസിന് ഇതുവരെ ലഭിച്ച നിര്‍ണായക വിവരം.
എന്നാല്‍ പിന്നീട് സനുവിലേക്ക് എത്താന്‍ തക്ക യാതൊരുവിധ രേഖകളും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിയാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ കേസ് ലോക്കല്‍ പോലീസില്‍നിന്നും ക്രൈംബ്രാഞ്ചിന് കൈമാറുന്ന നടപടിയും പുരോഗമിക്കവേയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതു പോലീസിന് ആശ്വാസമായി.
അതേസമയം വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് സമര്‍പ്പിച്ചതായാണ് സൂചന.
ലോക്കല്‍ പോലീസില്‍നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സനുവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നതോടെ കേസ് ഇനി ക്രൈംബ്രാഞ്ചിന് കൈമാറുമോയെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്,
സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സനുമോഹനെ ഇന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പിതാവ് സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ നേരത്തെ പോലീസിന് കിട്ടിയിരുന്നു.
തുടര്‍ന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലും ചെന്നെയിലും ക്യാമ്പ് ചെയ്ത് വ്യാപക തെരച്ചില്‍ നടത്തി.
എന്നാല്‍ സനുമോഹന് സഞ്ചരിച്ചിരുന്ന വാഹനം പോലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ സനുവിന്റെ ബന്ധുക്കളില്‍നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇവരില്‍നിന്നും കേസിന് ഗുണകരമായ യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല.
വൈഗയുടെ മരണത്തില്‍ സനുവിന് പങ്കില്ലെന്ന് വ്യക്തമാക്കി സനുവിന്റെ മാതാവും സഹോദരനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.