പിസയുടെ ‘ഘര്‍ വാപ്പസി’! ലോകത്തിലെ ഏറ്റവും ദുഖിതനായ ഹിമക്കരടി ഇനി സന്തോഷവാന്‍; ചൈനീസ് മാളിലെ ഏകാന്തവാസം അവസാനിപ്പിച്ചു

polar-ber1ലോകത്തിലെ ഏറ്റവും ദുഖിതനായ ഹിമക്കരടി എന്നായിരുന്നു പിസയ്ക്ക് ലോകം ഇതുവരെ ചാര്‍ത്തിനല്‍കിയ വിശേഷണം. എന്നാല്‍ ഇനി പിസയ്ക്ക് ഈ ദുഖഭാരം പേറേണ്ടി വരികയില്ല. ചൈനീസ് മാളിലെ സങ്കുചിതമായ മഞ്ഞുകൂട്ടില്‍ നിന്നും വിശാലമായ സമുദ്രപാര്‍ക്കിലേക്കു മാറ്റിയതോടെയാണ് പിസയുടെ വിഷമങ്ങള്‍ക്ക് അറുതിയായത്.

ചൈനയിലെ ഗ്വാങ്ഷുവിലെ ഗ്രാന്‍ഡ് വ്യൂ മാളിലെ അക്വേറിയത്തിലെ വാസമാണ് ഇവനെ ദുഖിതനാക്കിത്തീര്‍ത്തത്. മാള്‍ സന്ദര്‍ശിക്കാനെത്തുന്ന ആളുകളില്‍ പിസയുടെ മുഖം വേദന നിറച്ചു. ഒടുവില്‍ 10 ലക്ഷം ആളുകള്‍ ഒപ്പിട്ട പരാതി ചൈനീസ് അധികൃതര്‍ക്ക് സമര്‍പ്പിച്ചതോടെയാണ് പിസയുടെ സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആരംഭിച്ചത്.വടക്കന്‍ ചൈനയിലെ സമുദ്രപാര്‍ക്കിലേക്കാണ് പിസയെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. പിസ ജനിച്ചതും ഇവിടെയാണ്. പിസയുടെ മാതാപിതാക്കളും ഇവിടെയുണ്ട്. ചുരുക്കത്തില്‍ ഇത് പിസയ്ക്ക് ഘര്‍ വാപ്പസി( വീട്ടിലേക്കുള്ള മടക്കം)യാണ്.

ഇംഗ്ലണ്ടിലെ  യോര്‍ക്ക്‌ഷെയറിലെ 10 ഏക്കര്‍വരുന്ന വിശാലമായ പാര്‍പ്പിടത്തിലേക്ക് പിസയ്ക്കു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പിസയെ ചൈനയ്ക്കു പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. മൃഗങ്ങളെ ഇടുങ്ങിയ കൂടുകളില്‍ ഇടുന്നതിലൂടെ കുപ്രസിദ്ധമായ ഷോപ്പിംഗ് മാളാണ് ഗ്വാങ്ഷുവിലേത്. ലോകത്തിലെ ഏറ്റവും ദുഖിതമായ മൃഗശാല എന്നാണിതിന്റെ അപരനാമം. എന്തായാലും പുതിയ പാര്‍പ്പിടത്തില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം പിസ അടിച്ചു പൊളിക്കുകയാണെന്നാണ് ഒരു മനുഷ്യവകാശസംഘടനയുടെ പ്രവര്‍ത്തകനായ ഡോ. പീറ്റര്‍ ലീ പറയുന്നത്. പിസയുടെ ദുഖിതമായ മുഖഭാവം മാറിയെന്നും ലീ സാക്ഷ്യപ്പെടുത്തുന്നു. ദുഖിതനായ പിസയുടെ ദൃശ്യങ്ങള്‍ മാളിലെത്തുന്ന ആളുകള്‍ പകര്‍ത്തുന്നതും പതിവായിരുന്നു. ഇനി അവര്‍ക്ക് സന്തോഷവാനായ പിസയുടെ ദൃശ്യങ്ങള്‍ പകര്‍ത്താം.

Related posts