തളിപ്പറമ്പ്: ഫുട്ബോള്‍ കളിക്കാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച കാർ പോലിസ് കസ്റ്റഡിയിൽ എടുത്തു. ബംഗളൂരുവിൽ നിന്നും ആണ് കാർ കസ്റ്റഡിയിലെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാൻ എത്തിയ സിനിയർ സിപിഒ മാരായ റൗഫും സ്നേഹേഷുമാണ് കാർ കസ്റ്റഡിയിലെടുത്ത് ഇന്നു രാവിലെ തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചത്.
ഇവർ എത്തിയപ്പോഴേയ്ക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ ആഷിഖ് (18) ആണ് സദാചാര ഗുണ്ടകളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്നത്.
കഴിഞ്ഞ 22നായിരുന്നു സംഭവം. മന്ന ഫാറൂഖ് നഗര്‍ സ്വദേശികളായ ഇര്‍ഷാദ്, സിനാന് തുടങ്ങിയ നാലംഗ സംഘമാണ് ആഷിഖിനെ മർദിച്ചത്.