നാദാപുരം: കല്ലാച്ചി ഈയ്യങ്കോട് സദാചാര ഗുണ്ടകൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളെ മണിക്കൂറോളം റോഡിൽ തടഞ്ഞുവച്ചു. സംഭവത്തിൽ ഒരാളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.ഈയ്യങ്കോട് വെളളിയോടങ്കണ്ടി മുഹമ്മദ് റാഫി (32)യെയാണ് നാദാപുരം എസ്ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
കണ്ണൂർ തോട്ടട പോളിടെക്നിക് കോളജ് വിദ്യാർഥികളായ ആൺകുട്ടിയേയും പെൺകുട്ടിയേയും ഈയ്യങ്കോട് പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപത്തുവച്ച് ബൈക്ക് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ബൈക്കിൽനിന്ന് ഇറക്കുകയായിരുന്നു. പ്രതികൾ ബൈക്കിന്റെ താക്കോൽ കൈവശപ്പെടുത്തി മണിക്കൂറിലേറെ തടഞ്ഞുവച്ചു.
കണ്ണൂർ പോളി ടെക്നിക്കിലെ അവസാന വർഷ ഇലക്ട്രോണിക്സ് വിദ്യാർഥികളായ എട്ടംഗ സംഘം വളയം കുയ്തേരിയിലെ സുഹൃത്തിന്റെ വീട്ടിൽ കാറിലും ബൈക്കിലുമായി പോകുന്നതിനിടയിലാണ് ബൈക്ക് ഒരു സംഘം തടഞ്ഞുനിർത്തിയത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചുകൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നാദാപുരം പോലീസ് സംഭവ സ്ഥലത്തെത്തി വിദ്യാർഥികളെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
വിദ്യാർഥികളുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പ്രതികൾ സഞ്ചരിച്ചെതെന്നു കരുതുന്ന കെ എൽ 18 ജി 859 നമ്പർ പൾസർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ എൻ. പ്രജീഷ് പറഞ്ഞു.