മലപ്പുറം: ഡോക്ടർമാരെ വഴിയിൽ തടഞ്ഞുവച്ച് സദാചാര ഗുണ്ടായിസം. മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്താണു സംഭവം. സുഹൃത്തുക്കളായ യുവ ഡോക്ടറെയും വനിതാ സുഹൃത്തിനെയും അഞ്ചംഗ സംഘം തടഞ്ഞുവച്ചു പണം തട്ടിയെടുക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി കൊളത്തൂർ എരുമത്തടത്ത് റോഡരികിൽ കാർ നിർത്തി സംസാരിക്കുന്നതിനിടെയാണു ഡോക്ടർമാരെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുവച്ചത്. അഞ്ചു മണിക്കൂറോളം ഇവരെ തടഞ്ഞുവച്ചു. കൂടാതെ, മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.
50,000 രൂപ തന്നാൽ വിടാമെന്നു പറഞ്ഞ അക്രമി സംഘം ഇവരുടെ കൈയിൽനിന്ന് എടിഎം കാർഡും പിൻ നന്പറും ബലമായി പിടിച്ചുവാങ്ങി. തുടർന്ന് സമീപത്തെ എടിഎം കൗണ്ടറിൽനിന്ന് 17,000 രൂപയെടുത്തു. പിന്നീട് ഡോക്ടർമാരുടെ കൈയിലുണ്ടായിരുന്ന 3000 രൂപയും തട്ടിയെടുത്തശേഷമാണു സംഘം മടങ്ങിയത്.
സംഭവത്തിനു പിന്നാലെ ഡോക്ടർമാർ കൊളത്തൂർ പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മലപ്പുറം കൊളത്തൂർ സ്വദേശികളായ ജുബൈസ്, മുഹമ്മദ് മുഹ്സിൻ, നബീൽ, അബ്ദുൽ ഗഫൂർ, സതീഷ്കുമാർ എന്നിവരാണു പിടിയിലായതെന്നു പോലീസ് അറിയിച്ചു.