പെരിന്തൽമണ്ണ: കൊളത്തൂർ എരുമത്തടത്ത് ഡോക്ടർമാരായ സുഹൃത്തുക്കളെ തടഞ്ഞു ഭീഷണിപ്പെടുത്തി മൊബൈലിൽ ദൃശ്യം പകർത്തി പണം തട്ടിയ സംഭവത്തിൽ അഞ്ചംഗ സംഘം റിമാൻഡിൽ. കൊളത്തൂർ എരുമത്തടം സ്വദേശികളായ പള്ളിത്തൊടി നബീൽ(24), നരിപ്പറ്റ ജുബൈസ് (23), കരുവക്കോട്ടിൽ മുഹമ്മദ് മുഹ്സിൻ(21), വിളഞ്ഞിപ്പുലാൻ അബ്ദുൾ ഗഫൂർ(34), എകിരിക്കുന്നത്ത് സതീഷ് കുമാർ എന്ന കുട്ടൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ കൊളത്തൂർ എരുമത്തടം പാലച്ചോട് റോഡിലൂടെ കാറിൽ വരികയായിരുന്ന യുവഡോക്ടറും സഹപാഠിയും കാർ നിർത്തി സംസാരിക്കുന്നതിനിടെ രണ്ടു ബൈക്കിലായി എത്തിയ സംഘം കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി 50000 രൂപ തന്നാൽ മാത്രമേ പോകാനനുവദിക്കൂവെന്നു പറഞ്ഞു ഡോക്ടറുടെ കൈവശമുള്ള എടിഎം കാർഡും പിൻനന്പറും വാങ്ങി 20,000 രൂപയോളം കൈക്കലാക്കി. ഇതിനിടെ മൊബൈലിൽ ഇവരുടെ ദൃശ്യം പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് പുലർച്ചെ 2.30 ഓടെയാണ് ഇവരെ വിട്ടയച്ചത്. തുടർന്നു ഡോക്ടറും സുഹൃത്തും കൊളത്തൂർ പോലീസിൽ നൽകിയ പരാതിയിൽ ജില്ലാപോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ കെ.എം ബിജു, കൊളത്തൂർ എസ്ഐ ഷാരോണ്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കൊളത്തൂർ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പ്രതികൾ സഞ്ചരിച്ച ബൈക്കുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.
പെരിന്തൽമണ്ണ, കൊളത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് എല്ലാവരെയും പിടികൂടി അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും എഎസ്പി രീഷ്മ രമേശൻ അറിയിച്ചു.
സിഐ കെ.എം ബിജു, കൊളത്തൂർ എസ്ഐ ഷാരോണ്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി കൃഷ്ണകുമാർ, എം. മനോജ്കുമാർ, മിഥുൻ, ദിനേശ്, ഷറഫുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.