പറവൂർ: ചെറിയപല്ലംതുരുത്ത് മുത്തപ്പൻതറ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ യുവാവിനെ പറയകാട് പാലത്തിനു സമീപം പത്തോളം വരുന്ന സദാചാരഗുണ്ടകൾ മർദിച്ചവശനാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിലായതായി സൂചന.
പെരുന്പടന്ന മാട്ടുമ്മൽ കൊച്ചാതിപറന്പിൽ വിഷ്ണുവിനെ (27) മർദിച്ച സംഭവത്തിലാണ് പ്രതികളിൽ ചിലർ പിടിയിലായതായ വിവരം പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച സ്ഥികരീകരണം നൽകാൻ അധികൃതർ തയാറായിട്ടില്ല. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനകളുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പറവൂരിലെ കെഎംകെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10നായിരുന്നു സംഭവം. മർദനമേറ്റ വിഷ്ണുവിന്റെ കണ്ണിനു മുകളിലും ചുണ്ടിലും അഞ്ച് വീതം തുന്നൽ വേണ്ടിവന്നു. മൂക്കിന്റെ എല്ല് ഒടിഞ്ഞിട്ടുണ്ട്. മുഖമാകെ വീർത്ത നിലയിലാണ്. ചെറിയപല്ലംതുരുത്തിലുള്ള യുവതിയുമായി വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ വീട്ടുകാർ ക്ഷണിച്ചതനുസരിച്ചാണു വിഷ്ണുവും ബന്ധവും കൂടി ഉത്സവം കാണാൻ എത്തിയത്.പെണ്‍കുട്ടിയുടെ സഹോദരനുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പത്തംഗസംഘം യാതൊരു പ്രകോപനവുമില്ലാതെ വിഷ്ണുവിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
ചിലദിവസങ്ങളിൽ പെണ്‍കുട്ടിയെ വിഷ്ണു ബൈക്കിൽ കൊണ്ടുവന്നു വിടുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാകാം മർദനമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. പറവൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.