കാഞ്ഞങ്ങാട്: സദാചാര പോലീസ് ചമഞ്ഞ് കമിതാക്കളുടെ വീഡിയോ പകർത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ എട്ടു പേരെ കോടതി റിമാൻഡു ചെയ്തു. സംഭവത്തെതുടർന്നു കൈഞരന്പു മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പെരിയ മൊയോലത്തെ രാധാകൃഷ്ണൻ(43), മകൻ അജയ് ജിഷ്ണു(19), ശ്യാംരാജ്(21), ശിവപ്രസാദ്(19), അഖിൽ(21), ശ്രീരാഗ്(20), സുജിത്(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം. ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടിൽ വിടാൻ യുവാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്നു.
പട്ടികവർഗ മാവില സമുദായാംഗങ്ങളാണ് ഇരുവരും. പെരിയ പെരിയാനത്തെ ഒഴിഞ്ഞ സ്ഥലത്തു മൂത്രമൊഴിക്കാൻ ബൈക്ക് നിർത്തിയതോടെ ഏതാനും പേർ ബൈക്കുകളിൽ പിന്നാലെ എത്തുകയായിരുന്നു.
പിന്നീട് വാക്കേറ്റവും ഇവരെ തടഞ്ഞുവയ്ക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതിനിടെ ഒരാൾ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഞരന്പ് മുറിക്കുകയായിരുന്നു. ചുരിദാറിന്റെ ഷാൾ ഉപയോഗിച്ചു താൻ രക്തം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതായും യുവാവ് പറയുന്നു.
തുടർന്നു സംഘത്തിൽപെട്ടവർ പെരിയ പിഎച്ച്സിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കൊണ്ടുപോവുകയായിരുന്നു.
ഇടതുകൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റ യുവതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്റെ മകനുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതാണെന്ന് യുവാവിന്റെ പിതാവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.