കറുകച്ചാൽ: ഒരു സദാചാരക്കാരന്റെ പരാതിയിൽ നിരപരാധികളായ യുവാവും ബന്ധുവായ യുവതിയും പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ബസിൽ ആണും പെണ്ണും ഒരുസീറ്റിലിരുന്ന് യാത്ര ചെയ്തത് മറ്റൊരു യാത്രക്കാരന് ഇഷ്ടപ്പെട്ടില്ല. അയാൾ പറഞ്ഞതനുസരിച്ച് ബസ് പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. ഒരുകുറ്റവും ചെയ്യാത്ത യുവതിയും യുവാവും സ്റ്റേഷനിലെത്തിയപ്പോൾ ഒന്നുമറിയാത്ത പൊതുജനങ്ങൾ മറ്റെന്തൊക്കയോ തെറ്റിദ്ധരിച്ചു. നോക്കണേ ഒരു സദാചാരക്കാരൻ വരുത്തിയ വിന.
മദ്യലഹരിയിലായിരുന്ന മുണ്ടക്കയം സ്വദേശി പുത്തൻപുരയ്ക്കൽ മുരുകനാണ് ഈ പുകിലിനൊക്കെ കാരണം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ചങ്ങനാശേരിയിൽ നിന്നും കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.
ചങ്ങനാശേരിയിൽ നിന്നും കയറിയ കോളജ് വിദ്യാർഥിനിയും ബന്ധുവായ യുവാവും ബസിന്റെ പിൻസീറ്റിൽ ഒന്നിച്ചിരുന്നതാണ് മുരുകനെ പ്രകോപിപ്പിച്ചത്. ഇരുവരുടെയും ഇരുപ്പ് ശരിയല്ലെന്നും ബസിനുള്ളിൽ അനാശാസ്യം നടത്തുകയാണെന്നും ഇയാൾ ആരോപിച്ചു. തുടർന്ന് ഇയാൾ ബഹളം വച്ച് ബസ് നിർത്തിച്ചു. കറുകച്ചാൽ സ്റ്റേഷന് മുന്പിൽ ബസ് നിർത്തുകയും കേസെടുക്കണമെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് പോലീസ് എത്തി ഇരുവരെയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന്് പറഞ്ഞു. തുടർന്ന ഇവരെ വിട്ടയച്ചു. സ്റ്റേഷനുള്ളിൽ ബഹളം വച്ച മുരുകനെ പോലീസ് പരിശോധിച്ചപ്പോൾ നല്ല മദ്യലഹരിയിലാണെന്നു വ്യക്തമായി. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു.