കോഴിക്കോട്: രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകനുനേരെ ഏതാനും നാട്ടുകാരുടെ സദാചാരഗുണ്ടാ അക്രമം. “മാധ്യമം’ കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സി.പി.ബിനീഷിനു നേരെയാണ് നരിക്കുനി കാവുന്പൊയിലിൽ അക്രമം ഉണ്ടായത്.
ബുധനാഴ്ച രാത്രി 10 ഓടെ ഡ്യൂട്ടികഴിഞ്ഞ് നരിക്കുനിക്കടുത്ത പൂനൂരിലെ വീട്ടിലേക്ക് മടങ്ങവെ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രദേശത്തെ മോഷണശല്യം നേരിടാൻ സംഘടിച്ചിറങ്ങിയ ഇവർ ബിനിഷിന്റെ ബൈക്കിന്റെ താക്കോൽ ബലമായി പിടിച്ചെടുക്കുകയും മുക്കാൽ മണിക്കൂറിലധികം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കോഴിക്കോട് പ്രസ്ക്ലബ് ഭാരവാഹികളടക്കം ബന്ധപ്പെട്ടതിനുശേഷം വൈകി സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് ഒടുവിൽ ബിനീഷിനെ മോചിപ്പിക്കുകയായിരുന്നു.
സിപിഎംകാരനായ പഞ്ചായത്ത് വാർഡ് മെന്പറടക്കം കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ ബിനീഷും, പ്രസ്ക്ലബ് നേതൃത്വവും റൂറൽ എസ്പിയടക്കമുള്ളവർക്ക് പരാതി നൽകി. മാധ്യമം മാനേജ്മെന്റ് വിഷയം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
വീട്ടിലേക്കുള്ള യാത്രക്കിടെ ഫോൺ വന്നപ്പോൾ ബൈക്ക് സൈഡാക്കിയ ഉടനെ ഒരു യുവാവ് പാഞ്ഞെത്തി “നിങ്ങൾ മോഷ്ടാവല്ലേ’ എന്ന് ആക്രോശിക്കുകയായിരുന്നെന്ന് ബിനീഷ് പരാതിയിൽ പറയുന്നു. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞിട്ടും യുവാവ് പിന്മാറിയില്ല.
തർക്കത്തിനിടെ യുവാവ് ആരെയൊക്കയോ ഫോണിൽ വിളിച്ചുവരുത്തി. മാസ്ക്ക് ധരിക്കാതെ ആളുകൾ വാഹനങ്ങളിലും മറ്റുമായി ഇതിനകം സ്ഥലത്തെത്തി.
കേരള സർക്കാരിന്റെ അക്രഡിറ്റേഷൻ കാർഡടക്കം തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും അവർ പിന്മാറിയില്ല. ഇതിനിടെ ബൈക്കിന്റെ താക്കോൽ ചിലർ ബലമായി ഊരിയെടുത്തു.
സിപിഎംകാരനായ വാർഡ് മെന്പർ സ്ഥലത്തെത്തിയപ്പോൾ താൻ കാര്യം പറഞ്ഞെങ്കിലും നിങ്ങൾ നിയമംലംഘിച്ച് രാത്രിയാത്ര നടത്തിയില്ലേ എന്നു ചോദിച്ചതോടെ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നെന്ന് ബിനീഷ് പറഞ്ഞു.
കൊടുവള്ളി പോലീസിന്റെ അനുഗ്രഹാശിസുകളോടെയാണ് കാവുന്പൊയിലിൽ രാത്രി സദാചാരഗുണ്ടായിസം നടക്കുന്നതെന്ന് ആരോപണമുണ്ട്.
കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ഇതുപോലെ രാത്രിയില്‍ പോലീസ് പണി ഏറ്റെടുത്തുനടത്തുന്ന ആള്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ക്ക് യഥാര്‍ഥ പോലീസിന്റെ പിന്തുണയുമുണ്ട് .