കോട്ടയം: കിട്ടിയ പണം ഉപയോഗിച്ച് വീടു നന്നാക്കണമെന്നും മക്കളുടെ കടബാധ്യത തീർക്കണമെന്നും ക്രിസ്മസ് പുതുവത്സര ബന്പർ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം ലഭിച്ച പെയിന്റിംഗ് തൊഴിലാളി കോട്ടയം കുടയംപടി പാണ്ഡവം ഓളിപ്പറന്പിൽ സി. എൻ. സദാനന്ദൻ പറഞ്ഞു.
ദൈവത്തിന്റെ അനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും ടിക്കറ്റ് ഉയർത്തിക്കാട്ടി സദാനന്ദൻ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ എടുത്ത ടിക്കറ്റിനാണ് ഉച്ചക്കുശേഷം നടന്ന നറുക്കെടുപ്പിലാണു ഭാഗ്യം കടാക്ഷിച്ചത്.
കുടയംപടിയിലുള്ള വിൽപനക്കാരനിൽ നിന്നും സദാനന്ദൻ എടുത്ത എക്സ് ജി 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനംലഭിച്ചത്.
72 കാരനായ സദാനന്ദൻ ഇന്നലെ രാവിലെ പച്ചക്കറിയും മറ്റും വാങ്ങാനായി കടയിൽ പോയപ്പോഴാണ് കുടയംപടി കുന്നേൽപ്പറന്പിൽ ശെൽവനിൽ നിന്നും ടിക്കറ്റ് എടുത്തത്. വില്പനക്കാരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തത്.
മൂന്ന് ടിക്കറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഒന്നെടുക്കാനും ശെൽവൻ നിർബന്ധിക്കുകയായിരുന്നു. ആദ്യ രണ്ടു തവണയും നിരസിച്ച സദാനന്ദൻ പിന്നീട് ടിക്കറ്റ് വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നോടെ ചാനലുകളിൽ വാർത്ത കണ്ടു. ടിക്കറ്റ് എടുത്തു നോക്കിയപ്പോഴാണ് 12 കോടിയുടെ ബന്പർ ഭാഗ്യം എത്തുന്നത് തന്റെ ടിക്കറ്റിനാണെന്നും ബോധ്യമായത്.
പിന്നാലെ, ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ നിന്നുള്ളവർ എത്തി സമ്മാനാർഹമായ വിവരം ഉറപ്പിച്ചു. ബന്പറടിച്ചുവെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഭാര്യ രാജമ്മയും മറ്റുകുടുംബാംഗങ്ങളും.
മക്കൾക്ക് കുറച്ച കടങ്ങളുണ്ട്, അതൊക്കെ വീട്ടണം. വീട് നന്നാക്കണം സദാനന്തനും രാജമ്മയും പറഞ്ഞു. സദാനന്ദൻ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല. ഇതിനുമുന്പ് ഒരു തവണ 5000 രൂപ അടിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റായ സനീഷ് സദനും ഓട്ടോഡ്രൈവറായ സഞ്ജയ് സദനുമാണ് മക്കൾ. ആശ, ചിപ്പി എന്നിവരാണ് മരുമക്കൾ. എസ്ബിഐ അയ്മനം ശാഖയിൽ ടിക്കറ്റ് ഏൽപിക്കുമെന്ന് സദാനന്ദൻ പറഞ്ഞു.