കൊട്ടാരക്കര: തുടർച്ചയായി നാലുതവണ എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി കൊയ്ത് വിജയകിരീടം ചൂടിയ സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാർഷിക മേഖലയിലും നൂറുമേനി കൊയ്യുന്നു. മണ്ണിനെ പൊന്നാക്കി അവധിക്കാലത്ത് കൃഷി ചെയ്ത കാർഷിക വിഭവങ്ങളുടെ വിളവെടുപ്പ് മഹോൽസവം സ്കൂളിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു.
സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം, വെട്ടിക്കവല കൃഷിഭവൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും സാങ്കേതിക സഹായത്തോടെയാണ് സ്കൂളിലെ കുട്ടികർഷകർ കൃഷിയിറക്കിയത്. ഒരേക്കറോളം വരുന്ന തരിശായി കിടന്ന കൃഷിഭൂമിയിൽ കിഴങ്ങുവർഗങ്ങളായ ചേന, കാച്ചിൽ, ചേന്പ്, ഇഞ്ചി, ചീനി, മഞ്ഞൾ എന്നിവയും പച്ചക്കറി ഇനങ്ങളായ പയർ, തക്കാളി, വെണ്ട , വഴുതനങ്ങ, പച്ചമുളക്, ചീര, പടവലം, വെള്ളരി, കോവൽ, ചുരക്ക എന്നിവയാണ് കൃഷി ചെയ്തത്.
ഇതിൽ പയർ, വെണ്ട , വഴുതനങ്ങ, തക്കാളി, ചുരക്ക എന്നിവയാണ് ഒന്നാംഘട്ട വിളവെടുപ്പിൽ ഉൾപ്പെട്ടത്. ഇവയെല്ലാം പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിളവെടുപ്പ് മഹോൽസവം വെട്ടിക്കവല കൃഷിഓഫീസർ നസിയ ഷെറീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.രാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ഐ.റോസമ്മ, പിടിഎ പ്രസിഡന്റ് ഷാജി ചെന്പകശേരി, സാബുജോണ്, ബി.മോഹൻലാൽ എന്നിവർ പ്രസംഗിച്ചു.
വിളവെടുത്ത കാർഷികവിഭവങ്ങളുടെ പ്രദർശനവും കുട്ടികർഷകരെ ആദരിക്കലും നടന്നു. സ്റ്റാഫ് സെക്രട്ടറി ബി.സുരാജ്, കെ.ഒ.രാജുക്കുട്ടി, അനിൽകുമാർ,ചന്ദ്രഭാനു, ലക്ഷ്മിദേവി എന്നിവർ പ്രസംഗിച്ചു. സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക വിപ്ലവത്തിന് നാന്ദി കുറിച്ച് വിദ്യാലയത്തിലും വീട്ടിലും വിഷരഹിത പച്ചക്കറി സംസ്കാരം വ്യാപിപ്പിക്കുവാൻ വിത്തുകളും ഫലവൃക്ഷ തൈകളും കൈമാറ്റം ചെയ്ത അന്യോന്യം-വീടും വിദ്യാലയവും പദ്ധതി വിജയം ഒട്ടനവധി പുരസ്കാരങ്ങളായാണ് സ്കൂളിനെ തേടിയെത്തിയത്.
സംസ്ഥാന ജൈവ-വൈവിധ്യ കോണ്ഗ്രസിൽ കൊല്ലം റവന്യൂജില്ലയിലും മറ്റു ജില്ലകളെ പിൻതള്ളി സംസ്ഥാനതലത്തിലും സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ട കിരീടം ചൂടി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജു, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ അധികൃതർ എന്നിവരുടെ പ്രത്യേക അഭിനന്ദനങ്ങളും എസ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയവും സ്കൂളിന് ഇരട്ടിമധുരമായി.