കൊട്ടാരക്കര : എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നാലുതവണ നൂറുമേനി കൊയ്ത സദാനന്ദപുരം ഗവ.ഹയർസെക്കൻഡറി സ്കൂൾ കാർഷിക മേഖലയിലും നൂറുമേനിയ്ക്കായി ഒരുങ്ങുന്നു. മണ്ണിനെ പൊന്നാക്കി, ജൂണിൽ സ്കൂളിലെത്തുന്ന കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി വിഷരഹിത മെഗാ പച്ചക്കറികൃഷി ആരംഭിച്ചു.
ഒരേക്കറോളം തരിശായി കിടന്ന കൃഷിഭൂമിയിൽ കിഴങ്ങുവർഗങ്ങളായ ചേന, കാച്ചിൽ, ചേന്പ്, ഇഞ്ചി, ചീനി, മഞ്ഞൾ എന്നിവയും പച്ചക്കറി ഇനങ്ങളായ പയർ, തക്കാളി, വെണ്ട , വഴുതനങ്ങ, പച്ചമുളക്, ചീര, പടവലം, വെള്ളരി, കോവൽ എന്നിവയാണ് പ്രധാന കൃഷി.
കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ അന്യോന്യം – വീടും വിദ്യാലയവും പ്രോജക്ടിന്റെ രണ്ട ാം ഘട്ടമായാണ് പദ്ധതി. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം, വെട്ടിക്കവല കൃഷിഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്.
സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക വിപ്ലവത്തിന് നാന്ദി കുറിച്ച് വിദ്യാലയത്തിലും വീട്ടിലും വിഷരഹിത പച്ചക്കറി സംസ്കാരം വ്യാപിപ്പിക്കുവാൻ വിത്തുകളും ഫലവൃക്ഷ തൈകളും കൈമാറ്റം ചെയ്ത അന്യോന്യം- വീടും വിദ്യാലയവും പദ്ധതി വിജയം ഒട്ടനവധി പുരസ്കാരങ്ങളായാണ് സ്കൂളിനെ തേടിയെത്തിയത്.
സംസ്ഥാന ജൈവ-വൈവിധ്യ കോണ്ഗ്രസിൽ കൊല്ലം റവന്യൂജില്ലയിലും മറ്റു ജില്ലകളെ പിൻതള്ളി സംസ്ഥാനതലത്തിലും സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ട കിരീടം ചൂടി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാജു, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ അധികൃതർ എന്നിവരുടെ പ്രത്യേക അഭിനന്ദനങ്ങളും എസ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയവും സ്കൂളിന് ഇരട്ടിമധുരമായി.
സ്കൂൾ ഹൈടെക്കായി പഠനനിലവാരം ഉയരുന്നതോടൊപ്പം വിദ്യാർഥിസമൂഹത്തെ വിശുദ്ധവും മാനവികവും ഹരിതാഭവുമായ കാർഷിക സംസ്കാരത്തിലേക്ക് നയിക്കുവാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി ഒട്ടനവധി ബൃഹത് അക്കാദമിക് പ്രോജക്ടുകൾ അടുത്ത അധ്യയനവർഷം നടപ്പാക്കുമെന്നും ഹെഡ്മാസ്റ്റർ കെ.രാജൻ, പിടിഎ പ്രസിഡന്റ് ഷാജി ചെന്പകശേരി എന്നിവർ പറഞ്ഞു.