മോഹൻലാലിനെ ലാലേട്ടൻ എന്നു വിളിച്ച് ഗവർണർ പി. സദാശിവം നടത്തിയ പ്രസംഗം വൈറലായി. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബിരുദം മോഹൻലാലിനും പി.ടി. ഉഷയ്ക്കും നൽകുന്ന ചടങ്ങിലായിരുന്നു മലയാളികൾ മോഹൻലാലിനെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്ന് ഗവർണർ പറഞ്ഞത്. ഇതോടെ സദസിൽ നിലയ്ക്കാത്ത കരഘോഷമുയർന്നു.
നാലു പതിറ്റാണ്ടുകളായുള്ള മോഹൻലാലിന്റെ നേട്ടങ്ങളും സംഭാവനകളും എടുത്തുപറഞ്ഞ ഗവർണർ, പി.ടി. ഉഷ കേരളത്തിനു നൽകിയ സംഭവാനയെക്കുറിച്ചും പറഞ്ഞു. മോഹൻലാൽ നായകനായ ഭരതം കണ്ട് കഴിഞ്ഞിട്ടും തിയറ്ററിൽ നിന്ന് ഇറങ്ങി പോകാൻ തോന്നാതിരുന്ന തന്റെ അനുഭവം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലാരംഗത്ത് മോഹൻലാലും കായിക രംഗത്ത് പി.ടി.ഉഷയും നൽകിയ സംഭാവനകൾ പരിശോധിച്ചാൽ ഇരുവരെയും ശാസ്ത്രഞ്ജരെന്നാണ് വിശേഷിപ്പിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുന്പാവൂരും മോഹൻലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു. ഇതിന് മുന്പ് കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല മോഹൻലാലിന് ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു.