തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് വൈകുന്നേരം 6.30ന് രാജ് ഭവനിൽ നടത്താനിരുന്ന സൽക്കാരപരിപാടിയായ അറ്റ് ഹോം ഗവർണറുടെ നിർദേശപ്രകാരം വേണ്ടന്നു വച്ചു. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ആഘോഷ പരിപാടി വേണ്ടെന്നു വച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ശന്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവർണർ ജസ്റ്റിസ് പി. സദാശിവം തീരുമാനിച്ചു. മഴക്കെടുതിയിൽ ആശങ്കയറിയിച്ച ഗവർണർ രാജ്ഭവന്റെയും സർക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന നൽകാനും അഭ്യർത്ഥിച്ചു.
സർക്കാർ വകുപ്പുകളും ദുരന്തനിവാരണ ഏജൻസികളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യർത്ഥിച്ചു. സർക്കാരിന്റെ രക്ഷാ- പുനരധിവാസ പ്രവർത്തനങ്ങളിൽ ഗവർണർ സംതൃപ്തി അറിയിച്ചു.