സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകരുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിൽ താൻ ആശങ്കപ്പെടുന്നതായി ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. 2013-14 വർഷത്തിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ നയിച്ച ഒരാളെന്ന നിലയിൽ സംസ്ഥാനത്തും രാജ്യത്തുമൊക്കെ ഇത്തരം യോഗ്യതയില്ലാത്ത അഭിഭാഷകർ നീതിന്യായ വ്യവസ്ഥിതിയിൽ ഉണ്ടെന്നത് ഏറെ നിരാശപ്പെടുത്തുന്നതാണ്.
തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. കേരളത്തിൽ ആയിരക്കണക്കിന് അഭിഭാഷകർ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞവർഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതു ജുഡീഷറിയുടെ പ്രതിച്ഛായയെത്തന്നെ ഇല്ലാതാക്കും.
സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ മുന്നിട്ടിറങ്ങണമെന്നു ഗവർണർ നിർദേശിച്ചു. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിർത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കേസുകൾ തീർപ്പാക്കുന്നതിനും നടപടിയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജി സോഫി തോമസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം.തോമസ് രാജ്, ഗവണ്മെന്റ് പ്ലീഡർ കെ.ഡി.ബാബു, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി.മോഹൻദാസ്, എം.രാമൻകുട്ടി, ആന്റണി പല്ലിശേരി, എം.ഹരിദാസ്, സി.കെ.കുഞ്ഞിപ്പൊറിഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.