വിസ്മയയുടെ മരണം മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള.
മരിച്ചനിലയില്‍ കണ്ടെത്തുന്നതിന്റെ തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായാണ് സദാശിവന്‍ പിള്ള പറയുന്നത്.
പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു.
തലേന്നു രാത്രി ഭക്ഷണം കഴിഞ്ഞു രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു.
തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു.
നേരം വെളുക്കട്ടെയെന്നും ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്നും താന്‍ ചോദിച്ചെന്നും സദാശിവന്‍ പിള്ള പറയുന്നു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞുവെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു.
നേരത്തെയും ഇതുപോലെ വിസ്മയ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. അന്ന് വീട്ടില്‍ കൊണ്ടു വിട്ടിട്ടുമുണ്ട്. കിരണ്‍ വസ്ത്രം മാറി കിടന്ന ശേഷം ഞങ്ങള്‍ മുറി വിടുകയും ചെയ്തു.
അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചില്‍ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ…എന്നായിരുന്നു നിലവിളി. ചെന്നു നോക്കുമ്പോള്‍ കിരണ്‍ വിസ്മയയുടെ നെഞ്ചില്‍ ശ്വാസം കിട്ടാനായി അമര്‍ത്തുകയായിരുന്നു.
വേഗം കാറെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വീട്ടില്‍നിന്നു കൊണ്ടു പോകുമ്പോള്‍ വിസ്മയയ്ക്ക് ജീവനുണ്ടായിരുന്നു. കണ്ണുകള്‍ ചെറുതായി തുറക്കുകയും ചെയ്തതായി ചന്ദ്രമതി പറഞ്ഞു.
എന്നാല്‍ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായെങ്കിലും മര്‍ദിച്ചിട്ടില്ലെന്നും വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോള്‍ നേരം പുലരട്ടെയെന്നു പറഞ്ഞുവെന്നും പിന്നീടു തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും കിരണ്‍ മൊഴി നല്‍കി.
കിരണിനെ ഇന്നലെ വീട്ടിലെത്തിച്ചുതെളിവെടുപ്പു നടത്തി. വിസ്മയയെ പലകുറി മര്‍ദിച്ചിട്ടുണ്ടെന്നും ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായിരുന്നതായും കിരണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ കിരണ്‍കുമാറിനെ മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍വാഹനവകുപ്പ് കൊല്ലം എന്‍ഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍.
ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേസ് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഐ.ജി ഇന്നലെ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകളാണ് നിലവില്‍ കിരണിനെതിരേചുമത്തിയിട്ടുള്ളത്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.