കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവസേനാ പ്രവർത്തകർക്കെതിരെ കാപ്പ ചുമത്തും. അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരായതിനാലാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ചുമത്തുന്നതിനുള്ള നടപടികൾ പോലീസ് തുടങ്ങിയത്.
പ്രതികൾക്കെതിരെയുള്ള മറ്റ് കേസുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. പോലീസ് നൽകുന്ന റിപ്പോർട്ട് വിലയിരുത്തി കളക്ടറാണ് കാപ്പ ചുമത്താൻ ഉത്തരവിറക്കുക. കാപ്പ ചുമത്തിയാൽ കുറ്റവാളികളെ ആറുമാസം വരെ ജാമ്യമില്ലാതെ ജയിലിൽ അടയ്ക്കാനോ സ്വന്തം ജില്ലയിൽ നിന്നു മാറ്റി നിർത്താനോ സാധിക്കും.
അതേസമയം കേസിൽ ഇനിയും പിടിയിലാകാനുള്ളവരുടെ വിവരവും പോലീസ് ശേഖരിക്കുന്നുണ്ട്. കേസിൽ ഇനിയും ഏഴു പ്രതികളെക്കൂടി തിരിച്ചറിയാനുണ്ടെന്നാണ് വിവരം. 15 ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടതായി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. എന്നാൽ ഇവർ ആരൊക്കെയാണെന്നു വ്യക്തമല്ല. മറ്റു പ്രതികളെ പിടികൂടുന്നതിനായി ഇപ്പോൾ റിമാൻഡിൽ കഴിയുന്നവരെ ചോദ്യം ചെയ്യേണ്ടിവരും. റിമാൻഡിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.