ചെങ്ങന്നൂർ: ചെറിയനാട് എസ്എൻ കോളേജ് വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണത്തിലെ പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ്. ഇന്നലെ വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ കോളേജ് വിദ്യാർഥികളായ മൂന്നാം വർഷ ബിഎസ് സി കെമിസ്ട്രി വിദ്യാർഥിയായ രോഹിത്(22), ബിഎസ്സി ഗണിതശാസ്ത്രം മൂന്നാം വർഷ വിദ്യാർഥി അഭിലാഷ്(22), മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥികളായ അഖിൽ(20), അനന്തു(20), ബിഎസ്സി മൂന്നാം വർഷ വിദ്യാർഥിയായ വിശാഖ്(22), എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ ഇവരെ കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3.30 ന് നെടുവരംകോട് ജംഗ്ഷനിലായിരുന്നു സംഭവം. കോളേജ് വിട്ടു വന്ന വിദ്യാർഥികളെ നെടുവരംകോട് സ്വദേശികളായ ഇരുപതോളം വരുന്ന സംഘം കന്പിവടിയും വടിവാളും സോഡാകുപ്പിയുമായി എത്തി മർദ്ദിക്കുകയായിരുന്നു. കോളേജിന് സമീപമുള്ള നെടുവരംകോട് ജംഗ്ഷനിൽ ബസ് കാത്തു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം.
ഇത് ചോദ്യം ചെയ്ത് ദിവസങ്ങൾക്കു മുൻപ് സമീപവാസികളായ ചിലർ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകളും അസഭ്യം പറഞ്ഞതായും വിദ്യാർഥികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ പ്രകോപിതരായാണ് വ്യാഴാഴ്ച വൈകുന്നേരം മാരകായുധങ്ങളുമായി എത്തിയ സംഘം വിദ്യാർഥികളെ ആക്രമിച്ചത്. ആക്രമണത്തിൽ അനന്തുവിന് ഇടത് വാരിയെല്ലിന് സമീപം ആഴത്തിൽ ഉണ്ടായ മുറിവിൽ 15 തുന്നലും, അഭിലാഷിന്റെ തലയ്ക്ക് പിന്നിൽ നാല് തുന്നലും, രോഹിതിന് തലയ്ക്ക് പിറകിൽ മൂന്ന് തുന്നലും, വിശാഖിന്റെ നെഞ്ചിന് താഴെ നാല് തുന്നലും വേണ്ടിവന്നു.
പരിക്കേറ്റ രാഹുലും സാമും ചെങ്ങന്നൂർ ജില്ലാ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ വണ്ടാനം മെഡിക്കൽ കോളേജിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പുലർച്ചെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്ന് സിഐ പറഞ്ഞു.