കരുനാഗപ്പള്ളി: വാലന്റൈൻസ് ദിനത്തിൽ ബീച്ച് കാണാനെത്തിയ യുവാവിനെയും യുവതിയെയും സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടാവിളയാട്ടം നടത്തി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത് ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നടപടിക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. പാലക്കാട് സ്വദേശിയായ യുവാവിനും ശൂരനാട് സ്വദേശിനിയായ യുവതിക്കുമാണ് മർദനമേറ്റത്. സുഹൃത്തുക്കളായ ഇരുവരും വള്ളിക്കാവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി നോക്കിയിരുന്നവരായിരുന്നു.
ബീച്ച് സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ സമീപത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാലംഗസംഘം യുവതിയെ തടഞ്ഞ് നിർത്തി ആക്രമിച്ചു. ഇത് തടയാനെത്തിയ യുവാവിനും ഇവരുടെ മർദനമേറ്റു. യുവാവ് പ്രതിഷേധിക്കുകയും വെറുതേവിടണമെന്ന് ഇവരുടെ കാല് പിടിച്ച് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ അക്രമികൾ ഇവരെ മാനസികമായും ശരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം ഇവർ മൊബൈൽഫോണ് കാമറയിൽ പകർത്തി. പരാതി കൊടുക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് സംഘം പിന്നീട് ഇവർ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു.
ഇത് കണ്ട് നിരവധി പേർ നവമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. മർദനത്തിന് ഇരയായ യുവാവ് ഇന്ന് പരാതിനൽകുമെന്നാണ് അറിയുന്നത്. പരാതി ലഭിച്ചാൽ ഉടൻതന്നെ കേസെടുത്ത് അന്വേഷണംആരംഭിക്കുമെന്ന് ഓച്ചിറ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അഴീക്കലിൽ പ്രതിഷേധ സാഗരം തീർത്തു.
ബീച്ച് സന്ദർശിക്കാനെത്തുന്നവരെ സദാചര പോലീസ് ചമഞ്ഞ് ഗുണ്ടായിസവും പിടിച്ചുപറിയും നടത്തുന്നത് പതിവാണന്ന് പരാതി ഉയരുന്നു. ഇക്കാര്യത്തിൽ ഓച്ചിറ പോലീസ് കാട്ടുന്ന അനാസ്ഥ ഇക്കൂട്ടർക്ക് സഹായകമാകുന്നതായും ആക്ഷേപം ഉണ്ട്. അടുത്ത സമയത്ത് ശൂരനാട് സ്വദേശികളായ ദന്പതികളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പോലീസ് ഒരാളെ പിടികൂടിയിരുന്നു.അവധി ദിവസങ്ങളിൽ നിരവധി പേരാണ് അഴീക്കൽ ബീച്ച് സന്ദർശിക്കാനായി എത്തുന്നത്. ഇവരുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് പോലീസ് പിക്കറ്റ് ഏർപ്പെടുത്തണമെന്നാവശ്യവം ശക്തമായിട്ടുണ്ട്. അതേസമയം ഓച്ചിറ പോലീസ് ഇന്നലെ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.