ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളിയെ സദാചാര ഗുണ്ടകൾ ആക്രമിച്ചു.തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് ഗോരക്പൂർ സ്വദേശി അമർജിത്തി (22) നെ തളിപ്പറമ്പ് സഹകരണ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗോരക്പൂരിൽ ഡിഗ്രി വിദ്യാർഥിയായ അമർജിത്ത് കോളജ് അവധി സമയമായതിനാൽ നാട്ടുകാരനൊപ്പം ഏരുവേശി സഹകരണ ബാങ്കിന്റെ ചുണ്ടപ്പറമ്പ് ബ്രാഞ്ച് ഓഫീസിൽ ഇന്റീരിയർ വർക് ചെയ്യുന്നതിനെത്തിയതായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസത്തോളമായി ചുണ്ടപ്പറമ്പിലാണ് താമസം. ഇന്നലെ ഉച്ചക്ക് സമീപവാസിയും പരിചയക്കാരനുമായ ബേബിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്തെങ്കിലും തന്റെ ക്ഷണം സ്വീകരിച്ചാണ് ഇയാൾ എത്തിയതെന്ന് ബേബി അറിയിച്ചതോടെ സംഘം പോവുകയായിരുന്നു.
തുടർന്ന് രാത്രി ഒൻപതോടെ ബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അമർജിത്തിനെ സംഘം വീണ്ടുമെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ അമർജിത്തിനെ ബാങ്ക് അധികൃതരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.