മുക്കം: മോഷ്ടാക്കളെ പിടിക്കാൻ നാട്ടുകാർ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിനിടെ അക്രമം. രണ്ടുപേർക്ക് സദാചാര ഗുണ്ടാ അക്രമത്തിൽ ഗുരുതര പരിക്കേറ്റു. മലപ്പുറം എടവണ്ണപ്പാറ എടശേരിക്കടവിലുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഇവർ സഞ്ചരിച്ച നീല മാരുതി ആൾടോ 800 കാറിന്റെ നന്പർ മോഷ്ടാക്കളുടെ വാഹന നന്പറാണന്ന് പറഞ്ഞ് കാറിന്റെ ഫോട്ടോയും നന്പറും രാത്രിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ട് കാറിന്റെ നന്പർ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാർ കാറ് തപ്പി റോഡിലിറങ്ങി.അതിനിടെ ഈ വിവരമറിഞ്ഞ യുവാക്കൾ ഇത് ചോദ്യം ചെയ്യാനായി എത്തിയതോടെ വാക്കുതർക്കമായി. മോഷ്ടാവിനെ അരീക്കോട് സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലായിയി വച്ച് പിടികൂടിയെന്ന പ്രചരണം ശക്തമായതോടെ ആളുകൾ കൂടി. നേരത്തെ പെരുന്പാവൂർ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മലയോര മേഖലയിലേതാണെന്ന് പറഞ്ഞ് വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ ചിത്രത്തിലെ ഒരാളുമായി യുവാക്കളിലൊരാൾക്ക് മുഖ സാദൃശ്യമുണ്ടായതും പ്രകോപനത്തിന് കാരണമായി.
സ്ഥലത്തെത്തിയ അരീക്കോട് പോലീസിനുപോലും ഇവരെ നാട്ടുകാർ വിട്ടുനൽകിയില്ല. നാട്ടുകാരിൽനിന്ന് ഇവരെ രക്ഷിക്കുന്നതിനിടെ രണ്ടു പോലീസുകാർക്കും പരിക്കുണ്ട്. അവസാനം മുക്കം പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവാക്കൾ ചികിത്സയിലാണ്. സഞ്ചരിച്ച കാറും അക്രമികൾ തകർത്തിട്ടുണ്ട്.