അടുത്ത ബന്ധുവിന്റെ വധശിക്ഷ കാണുന്ന അനുഭവമായിരുന്നു അത്! സദ്ദാമിനെ ഞങ്ങള്‍ വിളിച്ചിരുന്നത് ഗ്രാന്‍പാ എന്ന്; സദ്ദാം ഹുസൈന്റെ അവസാനകാലത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സൈനികരുടെ ഓര്‍മ്മക്കുറിപ്പ്

ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ യുഎസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തല്‍. സദ്ദാമിന്റെ കാവലിനായി നിര്‍ത്തിയ യുഎസ് സൈനികരാണത്രേ കരഞ്ഞത്. ജയിലില്‍ സദ്ദാമിന്റെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന ഒരു അമേരിക്കന്‍ സൈനികനാണ് ‘ദ പ്രിസനര്‍ ഇന്‍ ഹിസ് പാലസ്’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സദ്ദാമിന്റെ ഒപ്പം അവസാനകാലത്തുണ്ടായിരുന്ന 12 യുഎസ് സൈനികരുടെ അനുഭവങ്ങള്‍ ഭാഗികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകത്തില്‍ വില്‍ ബാന്‍ഡന്‍വെപെര്‍ എന്ന സൈനികനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

മറ്റു 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇദേഹം സദ്ദാമിന്റെ കാവലിന് ജയിലില്‍ നിയമിക്കപ്പെട്ടത്. വളരെ സൗഹാര്‍ദ്ദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവര്‍ അദേഹത്തെ ഗ്രാന്‍പാ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ അടുത്ത ബന്ധുവിനെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന അനുഭവമാണ് ഉണ്ടായത്. ആ സന്ദര്‍ഭത്തില്‍ എല്ലാവരും കരഞ്ഞെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

തന്റെ ഭരണകാലത്തെ അനുഭവങ്ങളും, ജീവിതാനുഭവങ്ങളും സദ്ദാം പങ്കുവയ്ക്കുമായിരുന്നുവെന്നും പറയുന്നു. പൂന്തോട്ടനിര്‍മ്മാണം വളരെ ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്നേഹിച്ചിരുന്നെന്നും പുസ്തകത്തിലുണ്ട്. ഫിഡല്‍ കാസ്ട്രോയാണ് തന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചതെന്നും സദ്ദാം ഇവരോട് പറഞ്ഞിരുന്നു. 2006 ഡിസംബര്‍ 30 നായിരുന്നു സദ്ദാമിനെ തൂക്കിലേറ്റിയത്.

 

Related posts