ആലത്തൂർ: തോലന്നൂരിൽ വൃദ്ധ ദന്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മരുമകൾ ഷീജയും സുഹൃത്ത് സദാനന്ദനും റിമാൻഡിൽ. ഇരുവരേയും ഇന്നലെ പാലക്കാട് കോടതിയിൽ ഹാജരാക്കിയശേഷമാണ് റിമാൻഡിൽ വിടാൻ ഉത്തരവായത്. ഷീജയെ കോട്ടയ്ക്കുള്ളിലെ സബ് ജയിലിലും സദാനന്ദനെ ഒറ്റപ്പാലം സബ് ജയിലിലേക്കുമാണ് അയച്ചത്. അന്വേഷണത്തിൽ ഇനി ആവശ്യമെങ്കിൽ ഇരുവരേയും കസ്റ്റഡിയിൽവാങ്ങുമെന്ന് ആലത്തൂർ ഡിവൈഎസ്പി ശശികുമാർ പറഞ്ഞു.
തോലനൂർ കുന്നിൽമേൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അപ്പുവേട്ടൻ എന്ന സ്വാമിനാഥൻ (75) ഭാര്യ പ്രേമകുമാരി (66) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് സദാനന്ദനും ഷീജയും അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരട്ടകൊലപാതകം അരങ്ങേറിയത്. ഷീജയും സദാനന്ദനുംതമ്മിലുള്ള വഴിവിട്ട ബന്ധം സ്വാമിനാഥൻ കണ്ടത് വൈരാഗ്യത്തിനു കാരണമായി. ഇരുവർക്കും ഒരുമിച്ചു ജീവിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകം. ഷീജയായിരുന്നു ഇതിനുള്ള നിർദേശം നൽകിയതെന്നാണ് സദാനന്ദൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
ഓട്ടോറിക്ഷയും അഞ്ച് സെന്റ് സ്ഥലവും തോട്ടങ്ങളുടെ നടത്തിപ്പും വാഗ്ദാനം നൽകിയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇന്നലെ സദാനന്ദനേയുംകൂട്ടി പോലീസ് കുന്നിൻമേൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പോലീസ് കിണറ്റിൽ നിന്നും കണ്ടെടുത്തു. ഇരുവരുടെയും ഫോൺകോളുകളും ഷീജയെ കെട്ടിയിട്ട രീതിയും സദാനന്ദനെ തുടർദിവസങ്ങളിൽ അതിരാവിലെ തേനൂരിൽനിന്നുള്ള ബസിൽ യാത്ര ചെയ്യുന്നത് കണ്ടതുമെല്ലാം ഇയാളിലേക്കുള്ള അന്വേഷണം എളുപ്പത്തിലാക്കി. പ്രതിരക്ഷപ്പെടുംമുന്പേ പോലീസ് ഇയാളുടെ മങ്കരയിലെ വാടകവീട്ടിലെത്തി പിടികൂടിയതും നിർണായകമായി.
സദാനന്ദൻ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. പക്ഷേ ഇവരോട് കാര്യമായിട്ട് ബന്ധമൊന്നുമില്ല. മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ട്. ഇവർക്ക് വിവാഹവാഗ്ദാനം നൽകിയതായുള്ള പരാതിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് തോട്ടംപണികളും മറ്റുമായി മങ്കരയിലും തേനൂരിലുമൊക്കെ എത്തിയതും ഷീജയുമായി പരിചയപ്പെടുന്നതും.കൊല്ലപ്പെട്ട ദന്പതികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സ്വാമിനാഥന്റെ എല്ലുകൾ ചവിട്ടിയൊടിച്ചതായി റിപ്പോർട്ടിലുണ്ട്. നിരവധിതവണ കുത്തേറ്റിട്ടുമുണ്ട്.