കൊച്ചി: വേദികളില്‍ തനിക്ക് പ്രത്യേകതയുള്ള കസേരയുടെ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം. വേദിയിലുള്ള മറ്റുള്ളവര്‍ക്കു നല്കുന്ന തരത്തിലുള്ള കസേര മാത്രം തനിക്കായി ഒരുക്കിയാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് മന്ദിരം ശിലാസ്ഥാപനത്തിന്റെ സുവര്‍ണജൂബിലി വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍.
ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തനിക്ക് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നു പറഞ്ഞാണ് പ്രത്യേക കസേര ഒരുക്കേണ്ടിയിരുന്നില്ലെന്നു പറഞ്ഞത്. ജനാധിപത്യ രാജ്യത്ത് അതിന്റെ ആവശ്യമില്ല. എല്ലാവര്ക്കും തുല്യതയാണ് ഇവിടെയുള്ളത്. തന്റെ പേര് പറയുന്നതിന് മുമ്പ് ഹിസ് എക്സലന്‍സി എന്ന വിശേഷണം ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആമുഖമായി ഇത്രയും പറഞ്ഞതിനുശേഷമാണ് മുന്‍കൂട്ടി തയാറാക്കിക്കൊണ്ടുവന്ന പ്രസംഗത്തിലേക്കു കടന്നത്.