കടുത്തുരുത്തി: നാലരപ്പവന്റെ പണത്തൂക്കത്തിനും സദാശിവന്റെ തങ്കമനസിനെ തോൽപിക്കാനായില്ല. കളഞ്ഞു കിട്ടിയ നാലര പവൻ സ്വർണാഭരണങ്ങൾ ഉടമയ്ക്കു തിരികെ നൽകി കടയുടമയുടെ മാതൃക. പെരുവ ജംഗ്ഷനിൽ ഓറഞ്ച് സൂപ്പർ ഷോപ്പി എന്ന പേരിൽ സ്റ്റേഷനറി കട നടത്തുന്ന കുന്നപ്പിള്ളി ശങ്കരാലയത്തിൽ സദാശിവൻ (45) ആണ് നാടിനാകെ അഭിമാനമായത്.
വൈക്കം കാരപറന്പിൽ പ്രശാന്തിന്റെ ഭാര്യ ആര്യ (32) യുടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങളാണ് കടയുടമയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് പിറവത്തുള്ള സ്വന്തം വീട്ടിൽ പോയശേഷം വൈക്കത്തുള്ള ഭർതൃഗൃഹത്തിലേക്ക് മടങ്ങുന്പോഴാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ടത്.
പെരുവ ജംഗ്ഷനിൽ ഇറങ്ങിയ യുവതി സ്റ്റേഷനറിക്കടയിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം ബാഗിൽ നിന്നും പണമെടുത്ത് നൽകുന്നതിനിടെ സ്വർണാഭരണങ്ങൾ താഴെ വീഴുകയായിരുന്നു. യുവതി വൈക്കത്തെ വീട്ടിൽ എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
നിലത്ത് കിടന്ന ആഭരണങ്ങൾ കടയുടമയ്ക്കു ലഭിച്ചിരുന്നു. കടയിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ട യുവതിയെ സദാശിവൻ തിരിച്ചറിഞ്ഞു. തുടർന്ന് നവമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്കും മറ്റും ആഭരണങ്ങൾ ലഭിച്ച വിവരം നൽകിയെങ്കിലും യുവതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ യുവതി നഷ്ടപ്പെട്ട ആഭരണങ്ങൾ അന്വേഷിച്ചു പെരുവയിലുള്ള കടയിൽ എത്തുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞ സദാശിവൻ സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ ആര്യയ്ക്ക് കൈമാറി.