കാട്ടാക്കട : മരണശേഷം തന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറണമെന്ന വി.സദാശിവൻ നായരുടെ ആഗ്രഹം സഫലീകരിച്ച് ബന്ധുക്കൾ.
കുറ്റിച്ചൽ അരുകിൽ സാഗർ വില്ലയിൽ വി.സദാശിവൻ നായരുടെ (69) മൃതദേഹമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളജിന് കൈമാറിയത്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗമായും ബ്രാഞ്ച് സെക്രട്ടറിയായും, കർഷക സംഘം കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
തന്റെ മരണശേഷം മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകണമെന്ന് ബന്ധുക്കളോടും പാർട്ടി പ്രവർത്തകരോടും പറഞ്ഞിരുന്നു.
ആചാരമായ ചടങ്ങുകളൊന്നും നടത്തരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. വീട്ടിൽ പാർട്ടി പതാക പുതപ്പിച്ച് ആദരവ് നൽകിയശേഷം വിലാപയാത്രയായി മെഡിക്കൽ കോളജിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ എത്തിക്കുകയായിരുന്നു.
ജി.സ്റ്റീഫൻ എംഎൽഎ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജ് മോഹനന് മൃതദേഹം കൈമാറി.